സൂപ്പർ ക്ലാസിക്കോയിൽ സമനിലപ്പൂട്ട്, ലോകകപ്പ് യോഗ്യതയുറപ്പിക്കാൻ അർജന്റീന കാത്തിരിക്കണം


ആരാധകർ ആവേശത്തോടെ കാത്തിരുന്ന അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ ലോകകപ്പ് യോഗ്യത മത്സരത്തിനു സമനിലക്കുരുക്ക്. ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിന്റെ വീറും വാശിയും മത്സരം നിലനിർത്തിയെങ്കിലും രണ്ടു ടീമിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. വിജയം നേടിയാൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയുമായിരുന്ന അർജന്റീന ഇതോടെ അതിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ഇരുടീമുകളും ശ്രദ്ധയോടെ കളിച്ച ആദ്യ പകുതിയിൽ പന്തിലുള്ള ആധിപത്യം അർജന്റീനക്കായിരുന്നു എങ്കിലും കൂടുതൽ മുന്നേറ്റങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നും കണ്ടില്ല. അർജന്റീനയുടെ ആക്രമണങ്ങളെ കൃത്യമായി തടുക്കാൻ കഴിഞ്ഞ ബ്രസീൽ പ്രത്യാക്രമണത്തിൽ പലപ്പോഴും തലവേദന സൃഷ്ടിച്ചു. മുന്നിലെത്താൻ ഒരു സുവർണാവസരം ബ്രസീലിനു ലഭിച്ചെങ്കിലും വിനീഷ്യസിന്റെ ഷോട്ട് പുറത്തേക്കാണു പോയത്.
FULL TIME
— MailOnline Sport (@MailSport) November 17, 2021
?? Argentina 0-0 Brazil ??
A goalless draw in San Juan!https://t.co/57R7IafPVb #ARGBRA #WCQ
മറുവശത്ത് പ്രധാന താരമായ നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീൽ ഒരുക്കിയ പ്രതിരോധപ്പൂട്ടു പൊളിക്കാൻ അർജന്റീന മുന്നേറ്റനിര ശ്രമിച്ചെങ്കിലും അതിലവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ആദ്യപകുതി അവസാനിക്കാനിരിക്കെ അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോളെടുത്ത ഷോട്ട് അലിസൺ ബക്കർ ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തിയതായിരുന്നു അർജന്റീനയുടെ പ്രധാന നിമിഷം.
രണ്ടു ടീമുകളും ഗോൾ നേടുന്നതിനു വേണ്ടി കളിച്ച രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ആവേശകരമായിരുന്നു. ഫ്രഡിന്റെ ലോങ്ങ് റേഞ്ചർ പോസ്റ്റിലടിച്ചു പുറത്തു പോയതും വിനീഷ്യസ് ജൂനിയർ ബോക്സിൽ നിന്നുമുതിർത്ത ഷോട്ടുമുൾപ്പെടെ ബ്രസീലിനു തന്നെയാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. അവസാന നിമിഷങ്ങളിൽ മെസിയുതിർത്ത ഷോട്ടുൾപ്പെടെ അർജന്റീനയും നല്ല രീതിയിൽ ആക്രമണങ്ങൾ സംഘടിപ്പിച്ചെങ്കിലും അലിസണ് കാര്യമായ ഭീഷണിയുയർത്താൻ അവർക്കും കഴിഞ്ഞില്ല.
മത്സരത്തിൽ 41 ഫൗളുകൾ പിറന്നുവെന്നത് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്. ഏഴു യെല്ലോ കാർഡുകളും റഫറി പുറത്തെടുത്തു. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച, നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലിനെ സംബന്ധിച്ച് അർജന്റീനക്കെതിരെ നേടിയ സമനില അഭിനന്ദനാർഹമായ നേട്ടമാണ്. അതേസമയം 2019 മുതൽ തുടരുന്ന തങ്ങളുടെ അപരാജിതകുതിപ്പ് ബ്രസീലിനു മുന്നിലും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അർജന്റീനക്കായി.