Football in Malayalam

ലോകകപ്പിനു മുൻപ് പോർച്ചുഗലും ബെൽജിയവുമടക്കം മൂന്നു യൂറോപ്യൻ ടീമുകളുമായി അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കും

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-COL
FBL-WC-2022-SAMERICA-QUALIFIERS-ARG-COL / JUAN MABROMATA/GettyImages
facebooktwitterreddit

ലോകകപ്പിനു മുൻപ് ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മുഖാമുഖം വരുന്നു. അർജന്റീനിയൻ മാധ്യമമായ ടിഎൻടി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിനു മുൻപ് അർജന്റീന മൂന്നു യൂറോപ്യൻ ടീമുകളുമായി സൗഹൃദമത്സരം കളിക്കുന്നതിൽ ഒരെണ്ണം പോർച്ചുഗലുമായാണ്.

അർജന്റീന ടീമിന് കൂടുതൽ സൗഹൃദമത്സരങ്ങളും സൗത്ത് അമേരിക്കയിൽ നിന്നു തന്നെയുള്ള വിവിധ ടീമുകൾക്കെതിരെ വരുന്നതിൽ സ്‌കലോണി എതിർപ്പു പ്രകടിപ്പിച്ചിരുന്നു. യൂറോപ്യൻ ടീമുകൾക്കെതിരെ ലോകകപ്പിനു മുന്നോടിയായി സൗഹൃദ മത്സരം കളിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് മൂന്നു യൂറോപ്യൻ ടീമുകളുമായി അർജന്റീന സൗഹൃദമത്സരം കളിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിനു പുറമെ നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബെൽജിയം, യൂറോപ്പിൽ കുതിപ്പു കാണിക്കുന്ന ടീമായ ഡെന്മാർക്ക് എന്നിവരുമായാണ് അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്. ഇതിൽ ബെൽജിയവും ഡെന്മാർക്കും ലോകകപ്പിനു നേരിട്ടു യോഗ്യത നേടിയ ടീമാണ്. അതേസമയം പോർച്ചുഗൽ തുർക്കിക്കെതിരെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാനുള്ള പ്ലേ ഓഫിലെ ആദ്യ മത്സരം വരുന്ന മാർച്ചിൽ കളിക്കാനിരിക്കയാണ്.

ലോകകപ്പിനു മുന്നോടിയായി നിരവധി വമ്പൻ പോരാട്ടങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. യൂറോ കപ്പ്, കോപ്പ അമേരിക്ക കിരീടം വിജയിച്ച ടീമുകളുടെ മത്സരം ജൂണിൽ നടക്കുന്നതിനു പുറമെ ബ്രസീലിനെതിരെ ഒരു സൗഹൃദമത്സരം അർജന്റീന കളിക്കുന്നുണ്ട്. ഇതിനു പുറമെയാണ് യൂറോപ്പിലെ കരുത്തരായ ടീമുകൾക്കെതിരെ അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഇതു ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ അർജന്റീനയെ സഹായിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit