കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികൾ തമ്മിലുള്ള മത്സരം ഉറപ്പായി; അർജന്റീന-ഇറ്റലി പോരാട്ടം നടക്കുക അടുത്ത ജൂണിൽ

By Gokul Manthara
Argentina v Bolivia - FIFA World Cup 2022 Qatar Qualifier
Argentina v Bolivia - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നത് പോലെ ഇത്തവണത്തെ കോപ്പ അമേരിക്ക ചാമ്പ്യന്മാരും, യൂറോ കപ്പ് ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം നടക്കുമെന്ന് ഉറപ്പായി. ഇത്തരത്തിലൊരു മത്സരം നടത്തുന്ന കാര്യത്തിൽ യുവേഫയുമായി ധാരണയിലെത്തിയെന്ന് കോൺമെബോൾ പ്രഖ്യാപിച്ചതോടെയാണ് ഫുട്ബോൾ ലോകം ആഗ്രഹിച്ചിരുന്നത് പോലെയൊരു ആവേശപ്പോരാട്ടം ഇക്കുറി സംഭവിക്കുമെന്ന് വ്യക്തമായത്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും, യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും തമ്മിലുള്ള ഈ സ്പെഷ്യൽ മത്സരം 2022 ജൂണിലാണ് നടക്കുക. എന്നാൽ മത്സരത്തിന്റെ വേദി തീരുമാനിച്ചിട്ടില്ല.

നേരത്തെ ഈ വർഷത്തെ യൂറോ, കോപ്പ ചാമ്പ്യൻഷിപ്പുകൾ അവസാനിച്ചത് മുതൽ ഇരു ചാമ്പ്യൻഷിപ്പിലേയും ചാമ്പ്യൻ ടീമുകൾ തമ്മിൽ ഒരു സ്പെഷ്യൽ സൂപ്പർ കപ്പ് മത്സരം നടത്തണമെന്ന ആവശ്യം ഫുട്ബോൾ പ്രേമികൾക്കിടയിൽ ശക്തമായിരുന്നു. മുൻപ് ഇതു പോലൊരു സൂപ്പർ കപ്പ് പോരാട്ടം നടന്നിട്ടില്ലെങ്കിലും കോൺ മെബോളിനും, യുവേഫക്കും താല്പര്യമുള്ളതിനാൽ ഇക്കുറി അത് സംഭവിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. ഈ റിപ്പോർട്ടുകൾ പൂർണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് മത്സരം നടക്കുമെന്നുള്ള കോൺമെബോളിന്റെ ഇപ്പോളത്തെ പ്രഖ്യാപനം.

അതേ സമയം മാരക്കാനയിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിയായിരുന്നു അർജന്റീന ഈ വർഷത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. 28 വർഷങ്ങൾക്ക് ശേഷം അർജന്റീന നേടുന്ന ആദ്യ പ്രധാന അന്താരാഷ്ട്ര കിരീടം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ചു നടന്ന യൂറോ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ആതിഥേയരെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി യായിരുന്നു ഇറ്റലി കിരീടത്തിൽ മുത്തമിട്ടത്.

facebooktwitterreddit