Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു, മെസിയും ലാൻസിനിയും തിരിച്ചെത്തി

Sreejith N
Argentina Squad Venezuela, Equador World Cup Qualifiers
Argentina Squad Venezuela, Equador World Cup Qualifiers / Pool/GettyImages
facebooktwitterreddit

ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വേണ്ടിയുള്ള അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ടീമിന്റെ നായകനായ ലയണൽ മെസിയും പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുണൈറ്റഡ് താരം മാനുവൽ ലാൻസിനിയും ടീമിലേക്ക് തിരിച്ചെത്തി. ഇനി മൂന്നു ലോകകപ്പ് യോഗ്യത മത്സരം കൂടി കളിക്കാനുള്ള അർജന്റീന വെനസ്വല, ഇക്വഡോർ എന്നിവർക്ക് എതിരെയുള്ള സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.

ടീമിലെ സ്ഥിരസാന്നിധ്യങ്ങൾ ആയിരുന്ന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, മധ്യനിര താരം എമിലിയാനോ ബുവേണ്ടിയ, ജിയോവാനി ലോ സെൽസോ, പ്രതിരോധതാരം ക്രിസ്റ്റ്യൻ റോമെറോ എന്നിവർ ടീമിൽ നിന്നും പുറത്താണ്. ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഫിഫ രണ്ടു മത്സരങ്ങളിൽ നിന്നും വിലക്കിയതിനെ തുടർന്നാണ് ഈ താരങ്ങൾ സ്‌ക്വാഡിൽ നിന്നും പുറത്തായത്.

അതേസമയം കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും പങ്കെടുക്കാതിരുന്ന ലയണൽ മെസി ടീമിലേക്ക് തിരിച്ചെത്തുന്നത് അർജന്റീനക്ക് കരുത്തു പകരും. കോവിഡ് ബാധിച്ചതിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും പൂർണമായി മുക്തനാവാത്തതിനെ തുടർന്നാണ് കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മെസിക്ക് നഷ്‌ടമായത്‌. പിഎസ്‌ജിയിൽ വിമർശനം ഏറ്റു വാങ്ങുന്ന താരത്തിന് തന്റെ ഫോമിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.

ഇന്റർ മിലൻറെ ഫ്രാങ്കോ കാർബോണി, വാലെന്റിൻ കാർബോണി, ലാസിയോയുടെ ലൂക്ക റൊമേരോ, യുവന്റസിന്റെ മാത്തിയാസ് സുളെ, റയൽ മാഡ്രിഡിന്റെ നിക്കോളാസ് പാസ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലസാന്ദ്രോ ഗർണാച്ചോ, വിയ്യാറയലിന്റെ തിയാഗോ ഗെരാൾനിക്ക്, എൽഷെയുടെ ലൂക്കാസ് ബോയെ തുടങ്ങിയ പുതുമുഖങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യൻ സമയം മാർച്ച് ഇരുപത്തിയാറിനു പുലർച്ചെ അഞ്ചു മണിക്ക് അർജന്റീന വെനസ്വലയെ നേരിടുമ്പോൾ ഇക്വഡോറുമായുള്ള മത്സരം മാർച്ച് ഇരുപത്തിയൊമ്പതിനു രാത്രി 12.30നാണ്. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയ അർജന്റീനക്ക് ഈ മത്സരങ്ങൾ നിർണായകമായ ഒന്നല്ലെങ്കിലും നിരവധി മത്സരങ്ങളായി തുടരുന്ന അപരാജിതകുതിപ്പ് നിലനിർത്താനാവും ടീം ശ്രമിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit