Football in Malayalam

നിരവധി താരങ്ങൾക്ക് വിശ്രമം നൽകിയേക്കും, ബൊളീവിയക്കെതിരെ അടിമുടി മാറാൻ അർജന്റീന

Sreejith N
Argentina v Paraguay: Group A - Copa America Brazil 2021
Argentina v Paraguay: Group A - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

പാരഗ്വായ്‌ക്കെതിരായ മത്സരത്തിൽ വിജയം നേടിയ അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതോടെ ബൊളീവിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നിരവധി മാറ്റങ്ങളോടെ ടീമിനെ ഇറക്കാൻ ലയണൽ സ്‌കലോണി ഒരുങ്ങുന്നു. അർജന്റൈൻ മാധ്യമമായ ടൈക് സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ഇലവനിൽ സ്ഥിരമായിറങ്ങുന്ന, ഒരു മഞ്ഞക്കാർഡു കൂടി ലഭിച്ചാൽ സസ്‌പെൻഷൻ ലഭിക്കുന്ന താരങ്ങളുൾപ്പെടെ ഏതാനും പേർ ടീമിൽ നിന്നും ഒഴിവാക്കപ്പെടും.

ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ താരങ്ങളിൽ എമിലിയാനോ മാർട്ടിനസ്, ലിയാൻഡ്രോ പരഡെസ്, ജിയോവാനി ലൊ സെൽസോ, ലൗടാരോ മാർട്ടിനസ് എന്നിവർ സസ്പെൻഷന്റെ വക്കിലാണ്. ലൂകാസ് മാർട്ടിനസ് ക്വാർട്ട, ജൊവാക്വിൻ കൊറേയ എന്നീ താരങ്ങളും സമാനമായ സാഹചര്യത്തിലാണുള്ളതെങ്കിലും ഇരുവരും സ്‌കലോണിയുടെ ടീമിലെ സ്റ്റാർട്ടേഴ്‌സ് അല്ലാത്തതിനാൽ ബൊളീവിയക്കെതിരെ ആദ്യ ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ലോകകപ്പ് യോഗ്യത മത്സരവും കോപ്പ അമേരിക്കയുമടക്കം അഞ്ചു മത്സരങ്ങൾ തുടർച്ചയായി അർജന്റീനക്ക് വേണ്ടി കളിച്ച മെസിക്ക് വിശ്രമം നൽകുന്ന കാര്യം പാരഗ്വായ്‌ക്കെതിരായ മത്സരത്തിനു മുൻപു തന്നെ സ്‌കലോണി വിലയിരുത്തിയിരുന്നെങ്കിലും താരം ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കുകയായിരുന്നു. എന്നാൽ ബൊളീവിയക്കെതിരായ മത്സരത്തിൽ മെസിക്ക് വിശ്രമം നൽകാനാണ് കൂടുതൽ സാധ്യത. മത്സരങ്ങൾ തമ്മിൽ വലിയൊരു ഇടവേളയുള്ളതു കൊണ്ട് വേണ്ടത്ര വിശ്രമം ലഭിക്കുന്ന താരം ഒരു പക്ഷെ കളത്തിലിറങ്ങാനും സാധ്യതയുണ്ട്.

നേരത്തെ യോഗ്യത ഉറപ്പിച്ചെങ്കിലും ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലേക്ക് മുന്നേറാൻ തന്നെയായിരിക്കും അർജന്റീനയുടെ ശ്രമം. അത് സംഭവിച്ചാൽ ജൂലൈ നാലിന് നടക്കുന്ന മത്സരത്തിൽ ബി ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരെ നേരിടാൻ അർജന്റീനക്ക് അവസരമൊരുങ്ങും. അതുകൊണ്ടു തന്നെ വലിയൊരു മാർജിനിലുള്ള വിജയമാകും ബൊളീവിയക്കെതിരെ അർജന്റീന ലക്ഷ്യമിടുക. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ഒന്നിലധികം ഗോൾ നേടിയിട്ടില്ലാത്ത ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ അത്തരമൊരു വിജയവും അനിവാര്യമാണ്.


facebooktwitterreddit