പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യതാ ഇലവൻ ഇങ്ങനെ...

കരുത്തരായ ഉറുഗ്വെക്കെതിരെ പോയ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകളുടെ വിജയം നേടിയ അർജന്റീന, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ പതിനൊന്നാം മത്സരത്തിൽ അടുത്ത ദിവസം പെറുവിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. തുടർച്ചയായ 24 മത്സരങ്ങളിൽ പരാജയമറിയാതെയെത്തുന്ന അർജന്റീന തന്നെയാണ് ഈ മത്സരത്തിലെ ഫേവറിറ്റുകൾ. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.
പരാഗ്വെ, ഉറുഗ്വെ എന്നിവർക്കെതിരെ നടന്ന അവസാന രണ്ട് മത്സരങ്ങളിൽ അണിനിരത്തിയതിന് ഏകദേശം സമാനമായ സ്റ്റാർട്ടിംഗ് ഇലവനെയാകും പെറുവിനെതിരെയും അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി തിരഞ്ഞെടുക്കുകയെന്നാണ് സൂചനകൾ. ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മാർക്കസ് അക്യൂന പരിശീലനത്തിൽ മടങ്ങിയെത്തിയെന്നത് ടീമിന് ശുഭസൂചനയാണ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ച പ്രതിരോധ താരം നഹ്വൽ മോളിനക്ക് പകരം ഗോൺസാലോ മോണ്ടിയൽ പെറുവിനെതിരെ അർജന്റീനക്കായി സ്റ്റാർട്ട് ചെയ്തേക്കുന്നാണ് ടൈക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം നടന്ന രണ്ട് മത്സരങ്ങളിലും അർജന്റീനക്കായി സ്റ്റാർട്ട് ചെയ്ത ലിയാൻഡ്രോ പരെഡെസ്, ജിയോവാനി ലോസെൽസോ എന്നിവർക്ക് പകരം ഗ്വൈഡോ റൊഡ്രീഗസ്, പപ്പു ഗോമസ് എന്നിവർ പെറുവിനെതിരെ ആദ്യ ഇലവനിലെത്തിയേക്കുമെന്നുള്ള സൂചനകളും ശക്തമാണ്.
നേരത്തെ ഉറുഗ്വെക്കെതിരായ മത്സരത്തിൽ മുന്നേറ്റ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ പകരക്കാരനായിട്ടായിരുന്നു കളിക്കാനിറങ്ങിയത്. എന്നാൽ പെറുവിനെതിരെ ഡി മരിയ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കിൽ നിക്കോളാസ് ഗോൺസാലസിനാകും സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് ഇടം നഷ്ടമാവുക.
പെറുവിനെതിരെ അർജന്റീനയുടെ സാധ്യതാ ഇലവൻ ഇങ്ങനെ:
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്
പ്രതിരോധനിര: ഗോൺസാലോ മോണ്ടിയൽ/നഹ്വൽ മോളിന, ക്രിസ്റ്റ്യൻ റൊമെറോ, നിക്കോളാസ് ഒട്ടാമെൻഡി, മാർക്കസ് അക്യൂന/നിക്കോളാസ് ടഗ്ലിയാഫിക്കോ
മധ്യനിര: റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരെഡെസ്/ഗ്വൈഡോ റൊഡ്രീഗസ്, ജിയോവാനി ലോസെൽസോ/പപ്പു ഗോമസ്
മുന്നേറ്റനിര: ലയണൽ മെസി, ലൗട്ടാരോ മാർട്ടിനസ്, ഡി മരിയ/നിക്കോളാസ് ഗോൺസാലസ്.