കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യത ഇലവൻ
By Sreejith N

ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ ടീമിൽ നിന്നും നിരവധി മാറ്റങ്ങളുമായാകും കൊളംബിയക്കെതിരെ ലയണൽ സ്‌കലോണി അർജന്റീന ടീമിനെ ഇറക്കുക. കോവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ ഡഗ്ഔട്ടിൽ ഉണ്ടാകാതിരുന്ന സ്‌കലോണി കൊളംബിയക്കെതിരെ ടീമിനെ നിയന്ത്രിക്കാൻ സൈഡ് ലൈനിൽ ഉണ്ടാവുകയും ചെയ്യും.
കഴിഞ്ഞ മത്സരത്തിറങ്ങിയ ടീമിൽ നിന്നും നാലു താരങ്ങളെ നേരത്തെ തന്നെ സ്‌കലോണിക്ക് നഷ്‌ടമായിട്ടുണ്ട്. ഫുൾ ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഡിഫെൻഡറായ നിക്കോളാസ് ഒട്ടമെൻഡി, മധ്യനിര താരങ്ങളായ റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരഡെസ് എന്നിവരെയാണ് സസ്‌പെൻഷൻ മൂലം സ്‌കലോണിക്ക് നഷ്‌ടമായിരിക്കുന്നത്.
സെവിയ്യ താരം ഗോൺസാലോ മോണ്ടിയൽ റൈറ്റ് ബാക്കായി ഇറങ്ങുമ്പോൾ ജർമൻ പെസല്ലക്കൊപ്പം ലിസാൻഡ്രോ മാർട്ടിനസാണ് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക. സസ്‌പെൻഷൻ മൂലം പുറത്തായ ടാഗ്ലിയാഫിക്കോക്ക് പകരം മാർക്കോസ് അക്യൂന ടീമിലിടം പിടിക്കും.
കോവിഡ് ബാധിതമായി ചിലിക്കെതിരായ മത്സരം നഷ്‌ടമായ ഗുയ്‌ഡോ റോഡ്രിഗസ് മധ്യനിരയിൽ തിരിച്ചു വരുമ്പോൾ ജിയോവാനി ലോസെൽസോയും എമിലിയാനോ ബുവേണ്ടിയോ ആകും താരത്തിനൊപ്പം ഉണ്ടാവുക. ഫിറ്റ്നസ് വീണ്ടെടുക്കാത്ത പപ്പു ഗോമസ് കളിക്കാനുള്ള സാധ്യതയില്ല. മുന്നേറ്റ നിരയിൽ ഡിബാലക്കൊപ്പം ലൗടാരോയും ഡി മരിയയും കളിക്കും.
ലോകകപ്പ് യോഗ്യത നേരത്തെ നേടിയ അർജന്റീനക്ക് മത്സരം പ്രധാനമല്ല. എന്നാൽ ഇരുപത്തിയെട്ടു മത്സരങ്ങളായി തുടരുന്ന അപരാജിത കുതിപ്പ് തുടരാൻ ലക്ഷ്യമിട്ടു തന്നെയാവും അർജന്റീന ഇറങ്ങുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചു മണിക്കാണ് മത്സരം .
അർജന്റീനയുടെ സാധ്യത ഇലവൻ:
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്
പ്രതിരോധനിര: ഗോൺസാലോ മോണ്ടിയൽ, ജർമൻ പെസല്ല, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന
മധ്യനിര: ഗുയ്‌ഡോ റോഡ്രിഗസ്, ജിയോവാനി ലോ സെൽസോ, എമിലിയാനോ ബുവേണ്ടിയ
മുന്നേറ്റനിര: പൗളോ ഡിബാല, ലൗടാരോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.