രണ്ടു പ്രധാന താരങ്ങൾ പുറത്ത്, വെനസ്വലക്കെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ അറിയാം


പ്രീമിയർ ലീഗ് ക്ലബുകൾ അവരുടെ താരങ്ങളെ വിട്ടു നൽകില്ലെന്ന പ്രതിസന്ധിയെ അതിജീവിച്ചുവെങ്കിലും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വെനിസ്വലക്കെതിരെ ഇറങ്ങുമ്പോൾ അർജന്റീന ടീമിലെ രണ്ടു താരങ്ങൾ പുറത്ത്. സസ്പെൻഷൻ മൂലം ടോട്ടനം ഹോസ്പർ താരമായ ക്രിസ്റ്റ്യൻ റൊമേരോ, പിഎസ്ജി താരമായ ലിയനാർഡോ പരഡെസ് എന്നിവർക്കാണ് മത്സരം നഷ്ടമാവുക.
കോപ്പ അമേരിക്ക കിരീടം ആധികാരികമായി തന്നെ സ്വന്തമാക്കിയ അർജന്റീന അതിന്റെ ആത്മവിശ്വാസത്തിലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വേണ്ടി ഇറങ്ങുന്നത്. ഇന്റർനാഷണൽ ബ്രേക്കിൽ മൂന്നു മത്സരങ്ങൾ കളിക്കുന്ന അർജന്റീന വെനിസ്വലക്കെതിരായ ആദ്യ മത്സരത്തിനു ശേഷം ബ്രസീലിനെയും അതിനു ശേഷം ബൊളീവിയയെയുമാണ് നേരിടുന്നത്.
അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യൻ റൊമേരോയുടെ അഭാവത്തിൽ റയൽ ബെറ്റിസിലേക്ക് ചേക്കേറിയ ജർമൻ പെസല്ലയായിരിക്കും ഒട്ടമെൻഡിക്കൊപ്പം സെൻട്രൽ ഡിഫെൻസിൽ ഇറങ്ങുക. മാർക്കോസ് അക്യൂന ലെഫ്റ്റ് ബാക്കായും മോളിന, മോന്റിയൽ എന്നിവരിലൊരാൾ റൈറ്റ് ബാക്കായും കളത്തിലിറങ്ങും. എമിലിയാനോ തന്നെയാണ് ഗോൾവല കാക്കുക.
മധ്യനിരയിൽ പരഡെസിനു പകരം റയൽ ബെറ്റിസിന്റെ തന്നെ താരമായ ഗുയ്ഡോ റോഡ്രിഗസിന്റെ സ്ഥാനം ഉറപ്പാണെന്നിരിക്കെ മറ്റു രണ്ടു സ്ഥാനങ്ങൾക്കായി നിക്കോളാസ് ഗോൺസാലസ്, ജിയോവാനി ലോ സെൽസോ, റോഡ്രിഗോ ഡി പോൾ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിൽ ഡി പോളിന്റെ സ്ഥാനവും ഏറെക്കുറെ ഉറപ്പാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുന്നേറ്റനിരയിൽ ലയണൽ മെസിക്കൊപ്പം ലൗടാരോ മാർട്ടിനസും ഏഞ്ചൽ ഡി മരിയയുമാണ് കളത്തിലിറങ്ങുക. വെനിസ്വല ആയിട്ടുള്ള മത്സരത്തിനു ശേഷം ബ്രസീലിനെയാണ് നേരിടേണ്ടത് എന്നതിനാൽ മികച്ച വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതും കഴിഞ്ഞ ഇരുപതു മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തേണ്ടതും അർജന്റീനക്ക് അനിവാര്യമാണ്.
വെനസ്വലക്കെതിരായ സാധ്യത ഇലവൻ:
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്
പ്രതിരോധനിര: നാഹ്വൽ മോളിന/ഗോൺസാലോ മോണ്ടിയൽ, നിക്കോളാസ് ഒട്ടമെൻഡി, ജർമൻ പെസല്ല, മാർക്കോസ് അക്യൂന
മധ്യനിര: ഗുയ്ഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ, ലോ സെൽസോ/നിക്കോളാസ് ഗോൺസാലസ്
മുന്നേറ്റനിര: ലയണൽ മെസി, ലൗടാരോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ