മെസിയും,ലൗട്ടാരോയും കളിക്കും; ഉറുഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യതാ ഇലവൻ ഇങ്ങനെ‌...

By Gokul Manthara
Argentina v Bolivia - FIFA World Cup 2022 Qatar Qualifier
Argentina v Bolivia - FIFA World Cup 2022 Qatar Qualifier / Pool/GettyImages
facebooktwitterreddit

പരാഗ്വെക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗോൾരഹിത സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന അർജന്റീന, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ പത്താമത്തെ പോരാട്ടത്തിൽ അടുത്ത ദിവസം ഉറുഗ്വെയെ നേരിടാനൊരുങ്ങുകയാണ്. ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ ഗ്രൂപ്പിൽ 9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 19 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള അർജന്റീന പരാജയമറിയാത്ത 23 മത്സരങ്ങൾക്ക് ശേഷമാണ് ഉറുഗ്വെക്കെതിരെ കളിക്കാനിറങ്ങുന്നത്.

ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം പരാഗ്വെക്കെതിരായ മത്സരത്തിൽ കളിക്കാനില്ലാതിരുന്ന മുന്നേറ്റ സൂപ്പർ താരം ലൗട്ടാരോ മാർട്ടിനസ്, പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്നും ഉറുഗ്വെക്കെതിരെ അർജന്റീനയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ താരമുണ്ടാകുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അർജന്റീന ആരാധകർക്ക് മത്സരത്തിന് മുന്നോടിയായി വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

ഇടത് കാലിൽ ചെറിയ പ്രഹരമേറ്റെങ്കിലും ലയണൽ മെസിയും ഉറുഗ്വെക്കെതിരെ അർജന്റീനയുടെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകുമെന്നാണ് ടൈക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. പരാഗ്വക്കെതിരെ നടന്ന മത്സരത്തിൽ കളിച്ച അർജന്റീന‌ താരങ്ങളെല്ലാം വെള്ളിയാഴ്ച ജിമ്മിൽ പരിശീലനം നടത്തിയെന്നും, മെസിയും അവർക്കൊപ്പമുണ്ടായിരുന്നുവെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ പരാഗ്വെക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാർക്കസ് അക്യൂനയെ പിൻവലിച്ച അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി, പകരം നിക്കോളാസ് ടഗ്ലിയാഫിക്കോയെ കളത്തിലിറക്കിയിരുന്നു. പരിക്കിന്റെ ഭീഷണികൾ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അക്യൂനയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് എന്ന് മത്സരശേഷം സ്കലോണി വ്യക്തമാക്കുകയും ചെയ്തു. ഉറുഗ്വെക്കെതിരെ ഇവരിൽ ആരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താനാകും സ്കലോണി തീരുമാനിക്കുകയെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല.

ഉറുഗ്വെക്കെതിരെ അർജന്റീനയുടെ സാധ്യതാ ഇലവൻ ഇങ്ങനെ:

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

പ്രതിരോധനിര: ഗോൺസാലോ മോണ്ടിയൽ, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, മാർക്കസ് അക്യൂന/നിക്കോളാസ് ടഗ്ലിയാഫിക്കോ

മധ്യനിര: ലിയണാഡോ പരെഡെസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ

മുന്നേറ്റനിര: ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്.

facebooktwitterreddit