പാരഗ്വായ്ക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീനയുടെ സാധ്യത ഇലവൻ


തുടർച്ചയായി ഇരുപത്തിരണ്ടു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിൽ പാരഗ്വായെ നേരിടാൻ ഒരുങ്ങുന്നു. 2019ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോടു തോറ്റതിനു ശേഷം പിന്നീടൊരു മത്സരത്തിൽ പോലും തോൽവിയറിഞ്ഞിട്ടില്ലാത്ത അർജന്റീന അതിനിടയിൽ കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക കിരീടവും സ്വന്തമാക്കിയിരുന്നു.
ലാറ്റിനമേരിക്കയിൽ നിന്നുള്ള ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ എട്ടു മത്സരങ്ങളിൽ പതിനെട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന അർജന്റീനക്കു മുന്നിലുള്ളത് അത്രയും മത്സരങ്ങളിൽ നിന്നും ഇരുപത്തിനാലു പോയിന്റുള്ള ബ്രസീലാണ്. ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ മൂന്നു മത്സരങ്ങൾ കളിക്കുന്ന അർജന്റീന അതിലെല്ലാം വിജയം നേടി ബ്രസീലുമായുള്ള അകലം കുറക്കാൻ തന്നെയാവും ശ്രമിക്കുക.
അതേസമയം പാരഗ്വായ്ക്കെതിരെയുള്ള അർജന്റീന ടീമിൽ എല്ലാ താരങ്ങളും ലഭ്യമാണെന്നും കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ എല്ലാ താരങ്ങളും പങ്കെടുത്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ടീം സെലെക്ഷനിൽ പരിശീലകൻ സ്കലോണി വലിയ തലവേദന അനുഭവിക്കാൻ സാധ്യതയില്ല.
വിവിധ അർജന്റീനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിനെതിരെ കോപ്പ അമേരിക്ക ഫൈനൽ കളിച്ച അതെ ടീമിനെയാവും സ്കലോണി പാരഗ്വായ്ക്കെതിരെ ഇറക്കുക. ലയണൽ മെസി, ഡി മരിയ, പരഡെസ് എന്നിവർ ഏറ്റവും അവസാനമാണ് ടീമിനൊപ്പം ചേർന്നതെങ്കിലും അവരും ആദ്യ ഇലവനിൽ ഉണ്ടാകും.
അർജന്റീന സാധ്യത ഇലവൻ:
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്
പ്രതിരോധനിര: ഗോൺസാലോ മോണ്ടിയാൽ, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് അക്യൂന
മധ്യനിര: ലിയനാർഡോ പരഡെസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ
മുന്നേറ്റനിര: ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്