Football in Malayalam

ഏതാനും മാറ്റങ്ങൾക്ക് സാധ്യത, പാരഗ്വായ്‌ക്കെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ

Sreejith N
Argentina v Uruguay: Group A - Copa America Brazil 2021
Argentina v Uruguay: Group A - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

കോപ്പ അമേരിക്കയിൽ പാരഗ്വായ്‌ക്കെതിരായ മത്സരത്തിനുള്ള അർജന്റീന ടീമിൽ പരിശീലകൻ ലയണൽ സ്‌കലോണി ഏതാനും മാറ്റങ്ങൾ വരുത്താൻ സാധ്യത. ചിലിക്കെതിരായ ആദ്യത്തെ മത്സരത്തിൽ നിന്നും ഏതാനും മാറ്റങ്ങളോടെയാണ് അർജന്റീന യുറുഗ്വായ്‌ക്കെതിരെ ഇറങ്ങിയത്. കരുത്തരായ യുറുഗ്വായ്‌ക്കെതിരെ മികച്ച പ്രകടനം നടത്താൻ ടീമിന് കഴിയുകയും ചെയ്‌തിരുന്നു. എന്നാൽ യുറുഗ്വായെ അപേക്ഷിച്ച് ദുർബലരായ പാരഗ്വായ്‌ക്കെതിരെ സ്‌കലോണി മാറ്റങ്ങൾ വരുത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

കഴിഞ്ഞ മത്സരത്തിൽ റൈറ്റ് ബാക്കായി ഇറങ്ങിയ യുഡിനസ് താരം നഹ്വൽ മോളിനക്ക് പകരം ആദ്യ മത്സരത്തിൽ കളിച്ച റിവർപ്ളേറ്റിന്റെ ഗോൺസാലോ മോണ്ടിയാൽ തന്നെ ഇറങ്ങാനാണ് സാധ്യത. ഇതു സംബന്ധിച്ച തീരുമാനം അവസാന നിമിഷമേ സ്‌കലോണി എടുക്കുന്നുണ്ടാവൂ. അതേസമയം മധ്യനിരയിലും മുന്നേറ്റത്തിലും നിർണായകമായ മാറ്റങ്ങൾക്കു സാധ്യതയുണ്ട്.

ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയ ടോട്ടനം ഹോസ്‌പർ താരം ജിയോവാനി ലൊ സെൽസോ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയില്ല. അതിനു പകരം പലാസിയോസോ പരഡസോ ആയിരിക്കും ആദ്യ ഇലവനിൽ ഇടം പിടിക്കുക. ലോ സെൽസോയുടെ അഭാവം അർജന്റീന മധ്യനിരയുടെ പ്രകടനത്തെ നേരിയ തോതിലെങ്കിലും ബാധിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ മത്സരത്തിൽ പരഡസിനു പകരം ടീമിലിടം നേടി ഗോൾ നേടുകയും ടീമിന് കൂടുതൽ ഡിഫൻസീവ് ബാലൻസ് നൽകുകയും ചെയ്‌ത ഗുയ്‌ഡോ റോഡ്രിഗസ് പാരഗ്വായ്‌ക്കെതിരെയും ആദ്യ ഇലവനിൽ ഉണ്ടാകും. പരഡസിന്റെ സ്ഥാനത്ത് ഗുയ്‌ഡോ കളിക്കുമ്പോൾ ലോ സെൽസോക്ക് പകരമാകും പിഎസ്‌ജി താരം ഇറങ്ങുക. എന്നാൽ പലാസിയോസിനെയാണ് പരിശീലകൻ പരിഗണിക്കുന്നതെങ്കിൽ പരഡെസ് ടീമിന് പുറത്താകും.

നിക്കോ ഗോൺസാലസ് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാൽ ഏഞ്ചൽ ഡി മരിയയും ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയേക്കാം. കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ലൗടാരോ മാർട്ടിനസ് മുന്നേറ്റനിരയിൽ നിന്നും ഒഴിവാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇന്റർ മിലാൻ സ്‌ട്രൈക്കർക്ക് പകരം സെർജിയോ അഗ്യൂറോയാവും പ്രധാന സ്‌ട്രൈക്കറുടെ റോളിൽ ഇറങ്ങുക.

അർജന്റീന സാധ്യത ഇലവൻ: എമിലിയാനോ മാർട്ടിനസ്, മോളിന/മോണ്ടിയാൽ, റോമെറോ, ഒട്ടമെൻഡി, അക്യൂന/ടാഗ്ലിയാഫിക്കോ, ഡി പോൾ, ഗുയ്‌ഡോ/പരഡെസ്, പലാസിയോസ്/പരഡെസ്, മെസി, ലൗടാരോ/അഗ്യൂറോ, ഡി മരിയ

facebooktwitterreddit