നാലു പ്രീമിയർ ലീഗ് താരങ്ങളുണ്ടാകില്ല, ബൊളീവിയക്കെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ അറിയാം


ഗോൾവലക്കു മുന്നിലെ കരുത്തുറ്റ സാന്നിധ്യമായ എമിലിയാനോ മാർട്ടിനസും പ്രതിരോധ നിരയിലെ സൂപ്പർതാരമായ ക്രിസ്റ്റ്യൻ റൊമേരോയുമടക്കം നാലു പ്രീമിയർ ലീഗ് താരങ്ങളില്ലാതെ അർജന്റീന ബൊളീവിയക്കെതിരായ യോഗ്യത മത്സരത്തിന് ഇറങ്ങുന്നു. ഇതോടെ കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ആദ്യ ഇലവനിൽ മൂന്നു മാറ്റങ്ങൾ വരുത്താൻ പരിശീലകനായ ലയണൽ സ്കലോണി നിർബന്ധിതനാകും.
ലാറ്റിനമേരിക്കയിൽ വെച്ചു നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് പ്രീമിയർ ലീഗ് ക്ലബുകൾ അറിയിച്ചിരുന്നുവെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അവരുമായി ധാരണയിൽ എത്തിയതിന്റെ ഭാഗമായാണ് ടോട്ടനം ഹോസ്പർ, ആസ്റ്റൺ വില്ല എന്നിവയിൽ കളിക്കുന്ന നാലു താരങ്ങൾ ടീമിനൊപ്പം ചേർന്നത്. എന്നാൽ അവസാന മത്സരത്തിൽ ഇറങ്ങാൻ ക്ലബിന്റെ അനുമതി ഇല്ലാത്തതിനാൽ ഇവർ ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു.
Argentina rumored eleven against Bolivia, Lionel Messi to start. https://t.co/02bzOLWZiu
— Roy Nemer (@RoyNemer) September 7, 2021
എമിലിയാനോ മാർട്ടിനസിന്റെ അഭാവത്തിൽ ഫ്രാങ്കോ അർമാനിയാണ് അർജന്റീനയുടെ വല കാക്കേണ്ടതെങ്കിലും റിവർപ്ളേറ്റ് താരത്തിനു പരിക്കു പറ്റിയതിനാൽ യുവാൻ മുസോക്ക് അവസരം ലഭിക്കുമെന്നാണ് ടൈക് സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നത്. പ്രതിരോധനിരയിൽ റൊമേറോക്ക് പകരം പെസല്ല ഇറങ്ങുമ്പോൾ മധ്യനിരയിൽ ലൊ സെൽസോക്കു പകരം എസ്ക്വൽ പലാസിയോസ്, നിക്കോളാസ് ഗോൺസാലസ് എന്നിവരിൽ ഒരാൾ കളിക്കാനാണ് സാധ്യത.
ബ്രസീലിനെതിരായ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരം ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടൽ കൊണ്ടു നിർത്തി വെച്ചതിനാൽ ബൊളീവിയക്കെതിരെ വിജയം നേടി തങ്ങളുടെ ആത്മവിശ്വാസത്തെ അതു ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനാവും അർജന്റീന ശ്രമിക്കുക. അതേസമയം അർജന്റീന ടീമിന്റെ ഭാഗമായുള്ള ഒരാൾക്ക് കോവിഡ് ബാധയേറ്റെന്ന് ടിവി പബ്ലിക്ക റിപ്പോർട്ടു ചെയ്യുന്നുണ്ട്. എന്നാൽ അതു കളിക്കാരനല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബൊളീവിയക്കെതിരായ അർജന്റീനയുടെ സാധ്യത ഇലവൻ:
ഗോൾകീപ്പർ: യുവാൻ മുസോ
പ്രതിരോധനിര: ഗോൺസാലോ മോണ്ടിയൽ, ജർമൻ പെസല്ല, നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന
മധ്യനിര: റോഡ്രിഗോ ഡി പോൾ, ലിയനാർഡോ പരഡെസ്, പലാസിയോസ്/ഗോൺസാലസ്
മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, ലയണൽ മെസി, ലൗടാരോ മാർട്ടിനസ്