Football in Malayalam

ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടി റിച്ചാർലിസൺ, പിന്നാലെ പരിഹാസവുമായി അർജന്റൈൻ സൂപ്പർ താരങ്ങൾ

Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ ഇന്ന് ജെർമ്മനിയെ നേരിട്ട ബ്രസീൽ രണ്ടിനെതിരെ നാല് ഗോളുകൾ അടിച്ചു കൂട്ടി തകർപ്പൻ ജയമാണ് നേടിയത്. ഹാട്രിക്ക് നേടിയ സീനിയർ താരം റിച്ചാർലിസണായിരുന്നു മത്സരത്തിൽ അവരുടെ ഹീറോ. എന്നാൽ ഒളിമ്പിക്സിലെ ആദ്യ മത്സരം ഹാട്രിക്കോടെ അവിസ്മരണീയമാക്കിയ റിച്ചാർലിസൺ പിന്നാലെ അർജന്റൈൻ താരങ്ങളുടെ പരിഹാസത്തിന് ഇരയാവുകയും ചെയ്തു.

ബ്രസീലിന്റെ വിജയവും, ഹാട്രിക്ക് നേടിയ റിച്ചാർലിസന്റെ ചിത്രവും തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ അർജന്റൈൻ മാധ്യമമായ ടൈക് സ്പോർട്സ് പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അർജന്റൈൻ താരം ലിയാൻഡ്രോ പരെഡെസ്, തങ്ങളുടെ ചിരവൈരികളായ ബ്രസീലിന്റെ സൂപ്പർ താരത്തെ ട്രോളി രംഗത്തെത്തിയത്. പരെഡെസിന്റെ കളിയാക്കലിന് അർജന്റൈൻ താരങ്ങളായ ജിയോവാനി ലോസെൽസോ, ഏഞ്ചൽ ഡി മരിയ എന്നിവരുടെ പിന്തുണയും ലഭിച്ചു.

ടൈക് സ്പോർട്സ് പോസ്റ്റ് ചെയ്ത ബ്രസീൽ-റിച്ചാർലിസൺ പോസ്റ്റിന് താഴെ കോപ്പ അമേരിക്ക ഫൈനലിൽ ഇതൊന്നും കണ്ടില്ലല്ലോ എന്നുള്ള മറുപടിയാണ് അർജന്റൈൻ മധ്യനിര താരമായ ലിയാൻഡ്രോ പരേഡെസ് കുറിച്ചത്. അർജന്റൈൻ താരങ്ങളായ ഡി മരിയ, ലോ സെൽസോ എന്നിവരാകട്ടെ പൊട്ടിച്ചിരിക്കുന്ന ഇമോജികളുമായി പരെഡെസിന് പിന്തുണ നൽകുകയും ചെയ്തു. കോപ്പ അമേരിക്ക ഫൈനൽ കഴിഞ്ഞിട്ട് 10 ദിവസത്തിലേറെയായെങ്കിലും ഇപ്പോളും തങ്ങളുടെ എതിരാളികളെ കളിയാക്കാൻ ലഭിക്കുന്ന ഒരവസരം പോലും പാഴാക്കാൻ അർജന്റൈൻ താരങ്ങൾ തയ്യാറല്ലെന്ന കാര്യം ഈ സംഭവത്തോടെ ഒന്നു കൂടി വ്യക്തമായിരിക്കുകയാണ്.

അതേ സമയം കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് തോറ്റ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു റിച്ചാർലിസൺ. കോപ്പ ഫൈനലിന് മുൻപ് മാധ്യമങ്ങളോട്‌ സംസാരിക്കവെ ബ്രസീൽ ടൂർണമെന്റിൽ ചാമ്പ്യന്മാരാവാൻ പോവുകയാണെന്ന് താരം പ്രസ്താവിക്കുകയും ചെയ്തിരുന്നു. അന്ന് അത്തരത്തിലൊരു അവകാശ വാദം മുഴക്കിയതിനാൽ ഇപ്പോൾ റിച്ചാർലിസണെ അർജന്റൈൻ താരങ്ങൾ ട്രോളിയതിൽ യാതൊരു തെറ്റുമില്ലെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. പക്ഷേ ബ്രസീലിയൻ ആരാധകർക്കാവട്ടെ ഈ സംഭവം അത്ര ദഹിച്ചിട്ടുമില്ല.

facebooktwitterreddit