സെലക്ഷന് ലഭ്യം എട്ട് പേർ മാത്രം, സ്കലോണിക്ക് തലവേദന; പകരക്കാരായി ടീമിലെത്താൻ സാധ്യതയുള്ള താരങ്ങൾ ഇങ്ങനെ...

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പ് ക്വാളിഫയേഴ്സ്, ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാട് ഇംഗ്ലീഷ് പ്രീമിയർ ലീഗും, ലാലീഗയും കഴിഞ്ഞ ദിവസമാണ് കൈക്കൊണ്ടത്. ഇവർക്ക് പുറമേ സീരി എ, പോർച്ചുഗീസ് ലീഗ് എന്നിവരും അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ വിട്ടു നൽകില്ലെന്ന് തീരുമാനമെടുത്തു. ട്രാവൽ റെഡ് ലിസ്റ്റിലുൾപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നതും, മത്സരങ്ങൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഈ താരങ്ങൾക്ക് ഐസൊലേഷൻ വേണ്ടി വരുമെന്നതുമാണ് വിവിധ ലീഗുകൾ ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുക്കാൻ കാരണം.
ലീഗുകളുടെ ഈ നിലപാട് മൂലം ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന ദേശീയ ടീമുകളിലൊന്നാണ് ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീന. അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന അർജന്റീനയുടെ മുപ്പതംഗ സംഘത്തിലെ 8 പേർ മാത്രമേ നിലവിൽ മത്സരങ്ങൾക്ക് ലഭ്യമാവുകയുള്ളൂവെന്നാണ് സൂചന. ബാക്കിയുള്ള അർജന്റൈൻ താരങ്ങൾക്കാവട്ടെ വിവിധ ലീഗുകളുടെ എതിർപ്പുള്ളതിനാൽ അവർക്കായി കളിക്കാനെത്താൻ കഴിയില്ല.
Only 8 of 30 Argentina players are available for World Cup qualifiers, names of possible replacements, players arriving. https://t.co/HPV2UTcxPH
— Roy Nemer (@RoyNemer) August 28, 2021
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കേണ്ട അർജന്റീന താരങ്ങളിൽ 4 പേർ പ്രീമിയർ ലീഗിലും, 8 പേർ സീരി എ യിലും, 9 പേർ ലാ ലീഗയിലും, ഒരാൾ പോർച്ചുഗീസ് ലീഗിലും കളിക്കുന്നവരാണ്. നിലവിലെ സാഹചര്യത്തിൽ ഇവർക്കാർക്കും ദേശീയ ടീമിനൊപ്പം ചേരാനുള്ള അനുമതിയില്ല. അതേ സമയം ഫ്രഞ്ച് ലീഗ്, തങ്ങളുടെ താരങ്ങളെ ദേശീയ ടീമിനൊപ്പം കളിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടില്ല. ഇത് കൊണ്ടു തന്നെ ലയണൽ മെസി, ലിയാൻഡ്രോ പരെഡെസ്, ഏഞ്ചൽ ഡി മരിയ എന്നീ സൂപ്പർ താരങ്ങൾ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്കൊപ്പമുണ്ടാകും. ഇത് ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണിക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
വെനസ്വേല, ബ്രസീൽ, ബൊളീവിയ എന്നിവർക്കെതിരെയാണ് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുക. പ്രീമിയർ ലീഗും, ലാലീഗയുമടക്കമുള്ളവർ തങ്ങളുടെ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി വിട്ടു നൽകിയില്ലെങ്കിൽ മറ്റ് ലോക്കൽ ലീഗുകളിലെ താരങ്ങളെ പകരക്കാരായി സ്ക്വാഡിൽ ഉൾപ്പെടുത്താൻ അർജന്റീനക്ക് പദ്ധതികളുണ്ടെന്നാണ് സൂചനകൾ. ഇത്തരത്തിലൊരു പ്രതിസന്ധി പരിശീലകൻ സ്കലോണി എങ്ങനെ നേരിടുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ അർജന്റൈൻ ആരാധകർ.
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ലഭ്യമായ അർജന്റൈൻ താരങ്ങൾ
ഫ്രാങ്കോ അർമാനി, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടഗ്ലിയാഫിക്കോ, എസെക്വിൽ പലാസിയോസ്, ലിയാൻഡ്രോ പരെഡെസ്, ലയണൽ മെസി, ജൂലിയൻ അൽവാരസ്, ഏഞ്ചൽ ഡി മരിയ.
ലഭ്യമല്ലാത്ത കളിക്കാർക്ക് പകരക്കാരായി സ്ക്വാഡിലെത്താൻ സാധ്യതയുള്ളവർ
ഫബ്രീസിയോ ബുസ്റ്റോസ്, ഗബ്രിയേൽ മെർകാഡോ, കാർലോസ് ഇസ്ക്വിർഡീസ്, ലിയണാഡോ സിഗാലി, മത്തിയാസ് സുവാരസ്, ഫക്കുണ്ടോ ഫാരിയാസ്, ക്രിസ്റ്റ്യൻ പവൺ, അഗസ്റ്റിൻ റോസി, മാർക്കസ് റോഹോ, വാൾട്ടർ കാന്മാൻ, മിൽട്ടൺ കാസ്കോ, എൻസോ പെരെസ്, ഇഗ്നാസിയോ ഫെർണാണ്ടസ്, മത്തിയാസ് സറാക്കോ, തിയാഗോ അൽമേഡ, ജോസ് സാൻഡ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.