Football in Malayalam

കോപ്പ അമേരിക്ക: ഫൈനൽ വരെ അർജന്റീനയുടെ എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകളെ അറിയാം

Sreejith N
Bolivia v Argentina: Group A - Copa America Brazil 2021
Bolivia v Argentina: Group A - Copa America Brazil 2021 / Gustavo Pagano/Getty Images
facebooktwitterreddit

നിരവധി വർഷങ്ങളായുള്ള കാത്തിരിപ്പവസാനിപ്പിച്ച് ഒരു കിരീടം നേടുന്നതിനായി കോപ്പ അമേരിക്ക ടൂർണമെന്റിനിറങ്ങിയ അർജന്റീന ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ ഒന്നു പതറി സമനില വഴങ്ങിയെങ്കിലും അതിനു ശേഷമുള്ള മൂന്നു മത്സരത്തിലും എതിരാളികൾക്കു മേൽ സമ്പൂർണ ആധിപത്യമാണ് അർജന്റീന നടത്തിയിരിക്കുന്നത്. ബൊളീവിയക്കെതിരായ മത്സരത്തിൽ നേടിയ നാല് ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകൾ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ടീം വെറും രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയിരിക്കുന്നത്.

നായകനായ ലയണൽ മെസിയുടെ ഫോം തന്നെയാണ് അർജന്റീനയുടെ പ്രധാന കരുത്ത്. നാല് മത്സരങ്ങളിൽ കളിച്ച് മൂന്നു ഗോളും രണ്ട് അസിസ്റ്റുമായി ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ മുന്നിട്ടു നിൽക്കുന്ന ബാഴ്‌സ നായകൻ ഒരുക്കിക്കൊടുത്ത അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ അർജന്റീന ഓരോ മത്സരവും ചുരുങ്ങിയത് മൂന്നു ഗോളുകൾക്ക് വിജയം നെടുമായിരുന്നു. രണ്ടു മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിലിറങ്ങി രണ്ടു ഗോളുകൾ സ്വന്തമാക്കിയ പപ്പു ഗോമസ്, മധ്യനിര താരമായ ഡി പോൾ, പ്രതിരോധത്തിലെ ക്രിസ്റ്റ്യൻ റൊമേരോ, ഗോൾവല കാക്കുന്ന എമിലിയാനോ മാർട്ടിനസ് എന്നിവരെല്ലാം അർജന്റീനയുടെ കരുത്ത് വർധിപ്പിക്കുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും നോക്ക്ഔട്ടിലേക്ക് കോപ്പ അമേരിക്ക കടക്കുമ്പോൾ അർജന്റീനയെ സംബന്ധിച്ച് ഇതുവരെയുള്ളതിൽ നിന്നും പ്രകടനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നുണ്ടെങ്കിലും അത് മുതലാക്കാൻ മുന്നേറ്റനിര താരങ്ങൾക്ക് കഴിയാതിരിക്കുന്ന പ്രശ്‍നം പരിഹരിച്ചാൽ മാത്രമേ നോക്ക്ഔട്ട് പോലുള്ള ഘട്ടങ്ങളിൽ നിന്നും മുന്നേറാൻ കഴിയൂവെന്ന ധാരണയോടെ വേണം ഓരോ താരങ്ങളും ഇനിയുള്ള മത്സരങ്ങളെ സമീപിക്കാൻ. ക്വാർട്ടർ ഉൾപ്പെടെ ഇനിയുള്ള അർജന്റീനയുടെ മത്സരങ്ങളിൽ എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകൾ സർവശക്തിയുമെടുത്ത് പൊരുതുമെന്നത് സ്‌കലോണിക്കും സംഘത്തിനും ഭീഷണിയാണ്.

ക്വാർട്ടർ ഫൈനൽ

ജൂലൈ നാലിന് പുലർച്ചെ ആറരക്ക് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികളായി വരുന്നത് ഇക്വഡോറാണ്. ഗ്രൂപ്പ് ബിയിൽ ബ്രസീൽ, പെറു, കൊളംബിയ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനക്കാരായി നോക്ക്ഔട്ടിലെത്തിയ ഇക്വഡോർ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും വിജയിച്ചിട്ടില്ല. എങ്കിലും അവസാന മത്സരത്തിൽ അവർ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ചുവെന്നത് അർജന്റീനക്ക് മുന്നറിയിപ്പാണ്. അവസാനമായി അഞ്ചു മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ നാലെണ്ണത്തിലും വിജയം നേടാൻ കഴിഞ്ഞുവെന്നത് മത്സരത്തിനിറങ്ങുമ്പോൾ അർജന്റീനക്ക് മുൻ‌തൂക്കം നൽകുന്നു.

സെമി ഫൈനൽ

ഇക്വഡോറിനെ മറികടന്ന് സെമി ഫൈനലിലേക്ക് അർജന്റീനയെത്തുമ്പോൾ മറികടക്കേണ്ട കടമ്പ വളരെ വലുതാണ്. ക്വാർട്ടർ ഫൈനലിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ഏറ്റുമുട്ടുന്ന യുറുഗ്വായ്-കൊളംബിയ മത്സരത്തിലെ വിജയികളെയായിരിക്കും അർജന്റീനക്കു സെമിയിൽ നേരിടേണ്ടി വരിക. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയ യുറുഗ്വയും ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി നോക്ക്ഔട്ടിലെത്തിയ കൊളംബിയയും അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ടീമുകളാണ്. എങ്കിലും യുറുഗ്വായ്‌ക്കെതിരെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും തോൽവി വഴങ്ങിയിട്ടില്ലെന്നതും കൊളംബിയക്കെതിരെ കളിച്ച അഞ്ചെണ്ണത്തിൽ നാലിലും വിജയം നേടിയെന്നതും ടീമിന് ആത്മവിശ്വാസം നൽകുന്നു.

ഫൈനൽ

ബ്രസീൽ, ചിലി, പെറു, പാരഗ്വായ് എന്നീ ടീമുകളാണ് അർജന്റീനക്ക് ഫൈനലിൽ എതിരാളികളാവാൻ സാധ്യതയുള്ളത്. ടൂർണമെന്റിൽ ഇതുവരെയുള്ള ഫോം പരിഗണിക്കുമ്പോൾ ബ്രസീൽ, പെറു എന്നിവരിലൊരാളാണ് ഫൈനലിലെത്താൻ സാധ്യതയെങ്കിലും അട്ടിമറി നടന്നാൽ മാത്രം ചിലിക്കും പരാഗ്വായ്ക്കും സാധ്യതയുണ്ട്. ബ്രസീലാണ് ഫൈനലിൽ അർജന്റീനയുടെ എതിരാളികളെങ്കിൽ ലോകം മുഴുവൻ കാണുന്ന ഒരു കോപ്പ അമേരിക്ക ഫൈനലായിരിക്കുമതെന്നതിൽ യാതൊരു സംശയവുമില്ല. അങ്ങിനെ സംഭവിച്ചാൽ ബ്രസീലിനാണ് മുൻതൂക്കമെങ്കിലും അർജന്റീന അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള സാധ്യതയും അതിനൊപ്പം തന്നെയുണ്ട്. അതേസമയം മറ്റേതു ടീമാണെങ്കിലും അർജന്റീനക്ക് തന്നെയായിരിക്കും മുൻ‌തൂക്കം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit