ഒരു വർഷത്തിനിടെ രണ്ടു കിരീടങ്ങൾ നേടി അർജന്റീന, ഇനി ലക്ഷ്യം ലോകകപ്പ്


ഒരു രാജ്യാന്തര കിരീടത്തിനായുള്ള ഇരുപത്തിയെട്ടു വർഷങ്ങൾ നീണ്ട കാത്തിരിപ്പവസാനിപ്പിച്ച് കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് പതിനൊന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പ്രധാന കിരീടം കൂടി സ്വന്തമാക്കിയിരിക്കയാണ് അർജന്റീന. 2022 ഫൈനലിസിമ പോരാട്ടത്തിൽ യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരെ ആധികാരികമായ പ്രകടനം നടത്തി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അർജന്റീന നേടിയത്.
ബ്രസീലിന്റെ മണ്ണിൽ വെച്ചു നടന്ന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിനു ശേഷം അടുത്ത പ്രധാന കിരീടവും സ്വന്തമാക്കിയ അർജന്റീന ഖത്തർ ലോകകപ്പിലേക്കുള്ള തങ്ങളുടെ പാത കൂടുതൽ തെളിച്ചമുള്ളതാക്കിയിരിക്കയാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചതോടെ കഴിഞ്ഞ മുപ്പത്തിരണ്ടു മത്സരങ്ങളായി അർജന്റീന പരാജയം അറിഞ്ഞിട്ടില്ലെന്നതു കൂടി അതിനൊപ്പം ചേർത്തു വായിക്കാം. 2019 കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് അർജന്റീന അവസാനമായി ഒരു മത്സരം തോൽക്കുന്നത്.
ലയണൽ സ്കലോണിയെന്ന പരിശീലകൻ തനിക്കു വേണ്ട താരങ്ങളെ കൃത്യമായി കോർത്തിണക്കി ഉണ്ടാക്കിയ ടീം ഓരോ മത്സരങ്ങൾ കഴിയുമ്പോഴും കൂടുതൽ അപകടകാരികളായി വരികയാണെന്നത് ഇന്നത്തെ മത്സരം തെളിയിക്കുന്നു. യൂറോ കപ്പിൽ ആക്രമണഫുട്ബോൾ കൊണ്ട് അഴിഞ്ഞാടിയ ഇറ്റലിയെ നിഷ്പ്രഭരാക്കി മത്സരത്തിൽ പന്തിന്മേലും ആക്രമണത്തിലും പൂർണമായും ആധിപത്യം പുലർത്തിയ അർജന്റീനയെ തടുക്കാൻ അസൂറികൾ പാടുപെട്ടിരുന്നു.
കൃത്യതയോടെ പടുത്തെടുത്ത അർജന്റീന ടീമും അതിൽ ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരത്തിന്റെ സാന്നിധ്യവുമെല്ലാം ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ടീമുകൾക്ക് വലിയ ഭീഷണി തന്നെയാണ്. ആറു മാസങ്ങൾക്കു ശേഷം ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മാമാങ്കം നടക്കാനിരിക്കെ മറ്റൊരു കിരീടം കൂടി ഉയർത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് അർജന്റീന തെളിയിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.