പെറുവിനെതിരായ മത്സരഫലത്തിൽ അർജന്റീന തൃപ്തരല്ലെന്ന് പരിശീലകൻ ലയണൽ സ്കലോണി

പെറുവിനെതിരെ ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചെങ്കിലും ഈ ഫലത്തിൽ തങ്ങൾ തൃപ്തരല്ലെന്ന് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി. തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വന്നത് താരങ്ങൾക്ക് ക്ഷീണം നൽകിയെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, തെക്കേ അമേരിക്കയിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും സൂചിപ്പിച്ചു.
"ഇന്ന് നിങ്ങൾക്ക് അല്പം ക്ഷീണം അനുഭവപ്പെട്ടേക്കാം. തെക്കേ അമേരിക്കയിൽ മൂന്ന് മത്സരങ്ങൾ കളിക്കുന്നത് നിങ്ങളെ ബാധിക്കും. ഞങ്ങൾ വിജയകരമായി അക്കാര്യത്തിൽ മുന്നോട്ട് പോയി. ഞങ്ങൾക്ക് വേണ്ടിയിരുന്ന മൂന്ന് നിമിഷങ്ങൾ (വിജയങ്ങൾ) ഞങ്ങൾക്ക് ലഭിച്ചു," പെറുവിനെതിരായ മത്സര ശേഷം സംസാരിക്കവെ അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു.
പെറുവിനെതിരായ മത്സരത്തിൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് സംസാരത്തിനിടെ സമ്മതിച്ച സ്കലോണി, എതിരാളികൾ വളരെ നന്നായി കളിച്ചുവെന്നും വ്യക്തമാക്കി. മത്സരഫലത്തിൽ അർജന്റീന തൃപ്തരല്ലെന്ന് ഇതിനൊപ്പം പറയാനും അദ്ദേഹം മറന്നില്ല.
"ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു, അവിടെ സമ്മർദ്ദവുമുണ്ടായിരുന്നു. ഫലത്തിൽ അർജന്റീന തൃപ്തരാണെന്ന് ഞാൻ കരുതുന്നില്ല. പെറു നന്നായി കളിച്ചു, അവർ വളരെ ബുദ്ധിമുട്ടേറിയ എതിരാളിയാണ്. പെനാൽറ്റിക്കപ്പുറം കളി നിയന്ത്രിക്കപ്പെട്ടുവെന്ന് ഞാൻ കരുതുന്നു."
- ലയണൽ സ്കലോണി
Argentina national team coach Lionel Scaloni comments on win, personal issues. https://t.co/AUJh6EyoaV
— Roy Nemer (@RoyNemer) October 15, 2021
അതേ സമയം ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളിലായിരുന്നു അർജന്റീന, പെറുവിനെ കീഴടക്കിയത് (1-0). മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി പെറു പാഴാക്കിയത് മത്സരത്തിൽ നിർണായകമാവുകയായിരുന്നു. ഈ വിജയത്തോടെ തോൽവിയറിയാതെ ഇരുപത്തിയഞ്ച് മത്സരങ്ങൾ പൂർത്തിയാക്കാനും അർജന്റീനക്ക് കഴിഞ്ഞു.