Football in Malayalam

കായികരംഗത്തെ ഓസ്‌കാറായ ലോറിസ് അവാർഡിനായി അർജന്റീന ടീമിനും ഇറ്റലി ടീമിനും നാമനിർദ്ദേശം

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/GettyImages
facebooktwitterreddit

കായികരംഗത്തെ ഓസ്‌കാർ എന്ന പേരിലറിയപ്പെടുന്ന ലോറിസ് അവാർഡിനായി ഈ സമ്മറിൽ നടന്ന കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ദേശീയ ടീമും യൂറോ കിരീടം നേടിയ ഇറ്റാലിയൻ ദേശീയ ടീമും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഏറ്റവും മികച്ച ടീമുകളുടെ കാറ്റഗറിയിലാണ് ഈ രണ്ടു ടീമുകളും ഉൾപ്പെട്ടത്. ഇന്ന് ലോറിസ് അവാർഡ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വളരെ ആധികാരികമായാണ് അർജന്റീന കിരീടം നേടിയത്. ടൂർണമെന്റിലെ ആദ്യത്ത മത്സരത്തിൽ ചിലിക്കെതിരെ സമനില വഴങ്ങി തുടങ്ങിയ ലയണൽ മെസിയും സംഘവും പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീലിന്റെ മണ്ണിൽ അവരെ തന്നെ ഫൈനലിൽ കീഴടക്കി കിരീടം സ്വന്തമാക്കിയത്.

കോപ്പ അമേരിക്ക കിരീടത്തിനു പുറമെ അന്താരാഷ്‌ട്ര തലത്തിൽ അർജന്റീന ടീം നടത്തുന്ന അപരാജിത കുതിപ്പും അവാർഡിനു പരിഗണിക്കപ്പെടാൻ കാരണമായിട്ടുണ്ട്. ഇന്നു രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയയോട് വിജയം നേടിയതോടെ ഇരുപത്തിയൊമ്പതു മത്സരങ്ങളാണ് അർജന്റീന അപരാജിതരായി പൂർത്തിയാക്കിയത്. ഡിസംബറിൽ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിക്കാനും വർക്ക് കഴിഞ്ഞിരുന്നു.

ഇറ്റലിയും സമാനമായ കുതിപ്പു തന്നെയാണ് യൂറോ കപ്പിൽ നടത്തിയത്. ടൂർണമെന്റിൽ അതിമനോഹരമായ ആക്രമണ ഫുട്ബോൾ കളിച്ച് ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് അവർ വെംബ്ലിയിൽ വെച്ചു നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. 2018ൽ നടന്ന ലോകകപ്പിനു യോഗ്യത പോലും നേടാൻ കഴിയാതിരുന്ന അവർ മുപ്പത്തിയേഴു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കുകയും ചെയ്‌തു.

അർജന്റീന, ടീമുകൾക്കു പുറമെ കഴിഞ്ഞ സീസണിൽ യൂറോപ്പിൽ അവിസ്‌മരണീയ കുതിപ്പു നടത്തിയ ബാഴ്‌സലോണ വനിതാ ടീം, ചൈന ഒളിമ്പിക്‌സ് ടീം, മെഴ്‌സിഡസ് ബെൻസിന്റെ ഫോർമുല വൺ ടീം, എൻബിഎ ടീമായ മിൽവൗകീ ബക്ക്‌സ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit