Football in Malayalam

രണ്ടു പ്രധാന താരങ്ങൾ പുറത്ത്, കോപ്പ അമേരിക്കക്കുള്ള അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

Sreejith N
Jun 11, 2021, 1:03 PM GMT+5:30
Argentina v Chile - FIFA World Cup 2022 Qatar Qualifier
Argentina v Chile - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

കൊളംബിയക്കെതിരായ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണിയുടെ വിമർശനമേറ്റു വാങ്ങിയ യുവാൻ ഫോയ്ത്ത്, സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസ് എന്നിവരെ ഒഴിവാക്കി കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ വെബ്‌സൈറ്റിലാണ് അർജന്റീനയുടെ ഇരുപത്തിയെട്ടംഗ ടീമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നോർവിച്ച് സിറ്റിയെ ഇക്കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് ജേതാക്കളാക്കാൻ നിർണായക പങ്കു വഹിച്ച എമിലിയാനോ ബുവേണ്ടിയ, അറ്റലാന്റ സെന്റർ ബാക്കായ ജോസെ പലാമിനോ എന്നിവരാണ് സ്‌ക്വാഡിൽ നിന്നും നേരത്തെ ഒഴിവാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും അപ്രതീക്ഷിതമായി ഈ രണ്ടു താരങ്ങൾ കൂടിയും തഴയപ്പെടുകയായിരുന്നു.

കഴിഞ്ഞ സീസണിൽ സെവിയ്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണിൽ അതാവർത്തിക്കാൻ കഴിയാതിരുന്ന ഒകാമ്പോസ് ഒഴിവാക്കപ്പെട്ടതിൽ അത്ഭുതമില്ലെങ്കിലും വിയ്യാറയലിനൊപ്പം യൂറോപ്പ ലീഗ് നേടിയ സീസണു ശേഷം അർജന്റീനയുടെ കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരത്തിലും കളിച്ചതിനു ശേഷമാണ് യുവാൻ ഫോയ്ത്തിനെ തഴയാൻ സ്‌കലോണി തീരുമാനിച്ചത്.

കൊളംബിയ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ സമനില നേടിയെടുത്ത ഗോൾ പിറന്നത് ഫോയ്ത്തിന്റെ പിഴവിൽ നിന്നായതു കൊണ്ടാണ് ഈ തീരുമാനമെന്നതിൽ സംശയമില്ല. മത്സരത്തിനു ശേഷം സ്കലോണി ഇക്കാര്യം പ്രത്യേകം പരാമർശിച്ചിരുന്നു. അതേസമയം കോവിഡ് ബാധിതനാണെങ്കിലും ഗോൾകീപ്പർ ഫ്രാങ്കോ അർമാനി ടീമിലിടം നേടിയിട്ടുണ്ട്.

അർജന്റീനയുടെ ഇരുപത്തിയെട്ടംഗ ടീം:

ഗോൾകീപ്പർ: ഫ്രാങ്കോ അർമാനി, എമിലിയാനോ മാർട്ടിനസ്, യുവാൻ മുസോ, അഗസ്റ്റിൻ മർച്ചിസിൻ

പ്രതിരോധനിര: ഗോൺസാലോ മോണ്ടിയാൽ, നിക്കോളാസ് ഒട്ടമെന്റി, ജർമ്മൻ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, ലൂകാസ് മാർട്ടിനസ് ക്വാർട്ട, മാർക്കോസ് അക്യൂന, ലിസാൻഡ്രോ മാർട്ടിനസ്, നാഹുവൽ മോളിനോ ലുസെറോ, ക്രിസ്റ്റ്യൻ റോമെറോ.

മധ്യനിര: ലിയനാർഡോ പരഡസ്, ജിയോവാനി ലോ സെൽസോ, എസെക്കിയേൽ പലാസിയോസ്, നിക്കോളാസ് ഗോൺസാലസ്, ഗൈഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ, അലെസാൻഡ്രോ ഗോമസ്, ഏഞ്ചൽ കൊറേയ, നിക്കോളാസ് ഡൊമിനിഗ്വസ്.

മുന്നേറ്റനിര: ലയണൽ മെസി, ലൗടാരോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ, ജൊവാക്വിൻ കൊറേയ, സെർജിയോ അഗ്യൂറോ, ലൂക്കാസ് അലാരിയോ.

facebooktwitterreddit