Football in Malayalam

ഇക്വഡോറിനെതിരെ സമനില വഴങ്ങിയെങ്കിലും ചരിത്രനേട്ടത്തിനൊപ്പമെത്തി സ്‌കലോണിയുടെ അർജന്റീന

Sreejith N
Argentina Equalled Greatest Undefeated Record In Their History
Argentina Equalled Greatest Undefeated Record In Their History / Pool/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ ഇഞ്ചുറി ടൈമിലെ ഗോളിൽ സമനില വഴങ്ങേണ്ടി വന്നുവെങ്കിലും ചരിത്രനേട്ടവുമായി അർജന്റീന. ഇന്നലത്തെ മത്സരത്തിലും പരാജയം അറിയാതിരുന്നതിലൂടെ തുടർച്ചയായി 31 മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കി ദേശീയ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപരാജിതകുതിപ്പിനൊപ്പം എത്താൻ അർജന്റീന ടീമിന് കഴിഞ്ഞു.

2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ തോൽവി വഴങ്ങിയതിനു ശേഷം പിന്നീടൊരു മത്സരത്തിൽ പോലും അർജന്റീന തോറ്റിട്ടില്ല. ഇതിനിടയിൽ കഴിഞ്ഞ ജൂണിൽ നടന്ന കോപ്പ അമേരിക്ക കിരീടവും അർജന്റീന സ്വന്തമാക്കി. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. നിലവിൽ അന്താരാഷ്‌ട്ര ഫുട്ബോളിലെ ഏറ്റവും വലിയ അപരാജിതകുതിപ്പും അർജന്റീനയുടേതാണ്.

ഇതിനു മുൻപ് അർജന്റീന മുപ്പത്തിയൊന്നു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചത് ആൽഫിയോ ബാസിൽ പരിശീലകനായി 1991 മുതൽ 1993 വരെയുള്ള സമയത്താണ്. ആ അപരാജിത കുതിപ്പിൽ 1991ലെയും 1993ലെയും കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു. ഇപ്പോൾ സമാനമായ കുതിപ്പിൽ ഒരു കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജന്റീനക്കു മുന്നിൽ ഇനി ലോകകിരീടമെന്ന ലക്‌ഷ്യമുണ്ട്.

ലോകകപ്പിനു മുൻപായി ഇറ്റലി, ബ്രസീൽ എന്നിവർക്കെതിരെയുള്ള മത്സരവും ഏതാനും സൗഹൃദ മത്സരങ്ങളും ബാക്കിയുള്ളതിനാൽ ദേശീയ ടീമിന്റെ നിലവിലെ റെക്കോർഡ് തകർക്കാൻ സ്‌കലോണിക്കും സംഘത്തിനും അവസരമുണ്ട്. അതേസമയം 37 മത്സരങ്ങളിൽ അപരാജിതരെന്ന ഇറ്റലിയുടെ റെക്കോർഡ് തകർക്കണമെങ്കിൽ അർജന്റീന തോൽവിയറിയാതെ ലോകകപ്പ് വരെയെത്തി അവിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കേണ്ടി വരും.

ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഓരോ ഗോളുകൾ നേടിയാണ് അർജന്റീനയും ഇക്വഡോറും സമനിലയിൽ പിരിഞ്ഞത്. ആദ്യമായി സ്റ്റാർട്ട് ചെയ്‌ത മത്സരത്തിൽ ഗോൾ നേടി ജൂലിയൻ അൽവാരസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നും ഗോൾ കണ്ടെത്തി എന്നർ വലൻസിയയാണ് സമനില നേടിയെടുത്തത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit