ഖത്തർ ലോകകപ്പിനു മുൻപേ ഒരിക്കൽക്കൂടി അർജന്റീന-ബ്രസീൽ പോരാട്ടം നടക്കാൻ സാധ്യത
By Sreejith N

ഖത്തർ ലോകകപ്പിനു മുൻപേ ലോകഫുട്ബോളിലെ വമ്പൻ ശക്തികളായ അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം ഒരിക്കൽക്കൂടി നടക്കാൻ സാധ്യത. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിനു മുൻപേ സൗഹൃദ മത്സരത്തിലാണ് രണ്ടു ടീമുകളും ഏറ്റുമുട്ടാൻ സാധ്യതയുള്ളത്.
കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനയും യൂറോ കപ്പ് വിജയം നേടിയ ഇറ്റലിയും തമ്മിൽ ജൂണിൽ പരസ്‌പരം ഏറ്റുമുട്ടും എന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബ്രസീൽ-അർജന്റീന മത്സരവും നടക്കുമെന്ന സൂചനകൾ ഉയരുന്നത്. ബ്രസീൽ ജൂൺ മാസത്തിൽ ഇംഗ്ലണ്ടുമായി സൗഹൃദമത്സരം കളിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടെന്നിരിക്കെ സൂപ്പർ ക്ലാസിക്കോയും ജൂണിൽ തന്നെ നടക്കാനാണ് സാധ്യത.
Argentina could play friendly match against Brazil. https://t.co/ICVkB9NSbI
— Roy Nemer (@RoyNemer) January 19, 2022
രണ്ടു ടീമുകളും ഖത്തർ ലോകകപ്പിന് നേരത്തെ തന്നെ യോഗ്യത നേടിയിട്ടുള്ളതിനാൽ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിന് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരമായിരിക്കും ഈ മത്സരം. നവംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ രണ്ടു ടീമുകളും അവസാനം ഏറ്റു മുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.