ബ്രസീലിനെ തകർത്ത ടീമിൽ നിന്നും വലിയ മാറ്റങ്ങളുണ്ടാകില്ല, വെനസ്വലക്കെതിരായ അർജന്റീന ടീമിനെക്കുറിച്ചു ലയണൽ സ്കലോണി


വെനസ്വലക്കെതിരായ അർജന്റീന ടീം തീരുമാനിച്ചിട്ടില്ലെങ്കിലും കോപ്പ അമേരിക്ക ഫൈനലിലെ ടീമിൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ ലയണൽ സ്കലോണി വ്യക്തമാക്കി. പ്രീമിയർ ലീഗിൽ നിന്നുമുള്ള താരങ്ങൾ ലാറ്റിനമേരിക്കയിൽ വെച്ചു നടക്കുന്ന യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കുന്നതു വിലക്കിയിട്ടും അർജന്റീന കളിക്കാരെ ലഭ്യമായതിനെ കുറിച്ചും സംസാരിച്ച അദ്ദേഹം എല്ലാ മത്സരങ്ങളിലും അവർ ഉണ്ടാകുമെന്നും വെളിപ്പെടുത്തി.
"അടുത്ത ദിവസം നടക്കുന്ന മത്സരം വളരെ കടുപ്പമായിരിക്കും. പോയിന്റുകൾ ആവശ്യമുള്ള ഒരു ടീമെന്നതിനു പുറമെ വെനസ്വല വളരെ മികച്ച ദേശീയ ടീമാണ്. കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ വിജയം കടുപ്പമാക്കിയത് അവരാണ്. അതേസമയം നാളെ നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ അത് അടുത്ത മത്സരങ്ങൾക്ക് ആത്മവിശ്വാസം നൽകും. ആദ്യത്തെ മത്സരം വിജയിക്കാതെ ഒൻപതു പോയിന്റും നേടാൻ കഴിയുമെന്നതു വെറുതെയാണ്. ആദ്യത്തെ മത്സരം വിജയിച്ചാൽ അടുത്ത മത്സരങ്ങൾ കുറച്ചു കൂടി എളുപ്പമായിരിക്കും."
Argentina coach Lionel Scaloni spoke about winning the Copa America, Lionel Messi, the World Cup qualifiers and the Aston Villa players. https://t.co/xScKSuW0dp
— Roy Nemer (@RoyNemer) September 1, 2021
"കഴിഞ്ഞ ദിവസമാണ് ഞങ്ങളുടെ ആദ്യത്തെ ട്രെയിനിങ് സെഷൻ കഴിഞ്ഞത് എന്നതു കൊണ്ടു തന്നെ ഞാൻ ടീമിനെ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എല്ലാ കളിക്കാരോടും അവരുടെ ശാരീരിക സ്ഥിതി എങ്ങിനെയുണ്ടെന്നു ഞങ്ങൾ സംസാരിച്ചിരുന്നു. കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിനുള്ള ടീമിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല."
"ക്ലബുകളിൽ നിന്നും ഞങ്ങളെ നിരസിക്കുന്നു സമീപനം ഉണ്ടായിട്ടില്ല. ഞങ്ങൾ സംസാരിച്ച് അവർ ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ ഒരു ധാരണയിൽ എത്തി." രണ്ടു മത്സരങ്ങൾക്ക് മാത്രമേ മാർട്ടിനസ്, ബുവണ്ടിയ എന്നിവർ ലഭ്യമാകൂവെന്ന ആസ്റ്റൺ വില്ലയുടെ പ്രസ്താവന അദ്ദേഹം നിഷേധിച്ചു. "ഞങ്ങൾ മൂന്നു കളികളുടെ ലിസ്റ്റാണ് നൽകിയിട്ടുള്ളത്, ഈ താരങ്ങൾ മൂന്നു മത്സരങ്ങൾക്കും ലഭ്യമായിരിക്കും." സ്കലോണി വ്യക്തമാക്കി.
ബൊളീവിയക്കെതിരായ മത്സരത്തിൽ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നതിനെയും സ്കലോണി സ്വാഗതം ചെയ്തു. ആരാധകരാണ് ടീമിനെ നിലനിർത്തുന്നതെന്നും സാഹചര്യങ്ങൾ മൂലം ടീമിനൊപ്പം ആഘോഷിക്കാൻ അവർക്കു കഴിയുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ബൊളീവിയക്കെതിരായ മത്സരം അതിനുള്ള വഴിയൊരുക്കുമെന്നും പറഞ്ഞു. ആരാധകർക്ക് വേണ്ടി മികച്ച പ്രകടനം ടീം കാഴ്ച വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.