Football in Malayalam

ഫൈനലിന് മുൻപ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണിക്ക് തലവേദന നൽകുന്നത് ഈ 4 പൊസിഷനുകൾ

Gokul Manthara
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / Andressa Anholete/Getty Images
facebooktwitterreddit

ചിര വൈരികളായ ബ്രസീലിനെതിരെ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ സ്വപ്ന ഫൈനലിനായുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് ഇപ്പോൾ അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി. ടൂർണമെന്റിൽ ഒരു മത്സരത്തിൽപ്പോലും പരാജയപ്പെടാതെ ഫൈനലിലെത്തിയിരിക്കുന്ന അർജന്റീനക്ക് പക്ഷേ ബ്രസീലിനെതിരെയുള്ള ഫൈനൽ പോരാട്ടം അത്രയെളുപ്പമാകില്ലെന്ന് ഉറപ്പാണ്. അത് കൊണ്ടു തന്നെ ഈ മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെത്തന്നെയാകും അവർ കളത്തിലിറക്കുക. എന്നാൽ ഫൈനൽ മത്സരത്തിൽ ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി ഇപ്പോളും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ടീമിന്റെ നാലോളം പൊസിഷനുകളിൽ അദ്ദേഹത്തിന് ഇപ്പോളും ചില സംശയങ്ങളുണ്ടെന്നുമാണ് റേഡിയോ ലാ റെഡ് റിപ്പോർട്ട് ചെയ്യുന്നത്.

കോപ്പ അമേരിക്കയുടെ ഫൈനലിൽ ടീമിന്റെ വലത് ബാക്ക് സ്ഥാനത്ത് ആരെ കളിപ്പിക്കണമെന്ന കാര്യത്തിൽ സ്കലോണിക്ക് ഇതു വരെ തീരുമാനമെടുക്കാനായിട്ടില്ലെന്ന് അർജന്റൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ‌ സ്ഥാനത്ത് നഹ്വൽ മോളിന വേണോ അതോ ഗോൺസാലോ മോണ്ടിയൽ വേണോ എന്നതിലാണ് സ്കലോണിയുടെ സംശയം. നേരത്തെ കൊളംബിയക്കെതിരെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ മോളിനയായിരുന്നു സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്നതെങ്കിലും, പകുതി സമയത്ത് അദ്ദേഹത്തെ മാറ്റി മോണ്ടിയലിനെ അർജന്റീന കളത്തിലിറക്കിയിരുന്നു.

നിക്കോളാസ് ഒട്ടാമെൻഡിക്കൊപ്പം ടീമിന്റെ സെന്റർ ബാക്ക് സ്ഥാനത്ത് ആരെ കളിപ്പിക്കുമെന്നതാണ് സ്കലോണിക്ക് തലവേദന നൽകുന്ന രണ്ടാമത്തെ കാര്യം. ക്രിസ്റ്റ്യൻ റൊമെറോക്ക് സംഭവിച്ച പരിക്കാണ് ഈ പൊസിഷൻ സ്കലോണിക്ക് തലവേദനയായതിന് കാരണം. റൊമെറോക്ക് പരിക്ക് മൂലം കളിക്കാനായില്ലെങ്കിൽ ജെർമൻ പെസല്ലക്ക് കലാശപ്പോരിലും ടീമിലേക്ക് നറുക്ക് വീഴും.

ഇടത് ബാക്ക് സ്ഥാനത്ത് മാർക്കസ് അക്യൂനയെ കളിപ്പിക്കണോ, അതോ നിക്കോളാസ് ടഗ്ലിയാഫിക്കോക്ക് വീണ്ടും അവസരം നൽകണമോയെന്ന കാര്യത്തിലും സ്കലോണി ഇതു വരെ തീരുമാനമെടുത്തിട്ടില്ല. നേരത്തെ മാർക്കസ് അക്യൂനയായിരുന്നു ഈ സ്ഥാനത്ത് കളിച്ചിരുന്നെങ്കിലും, സെമി ഫൈനലിൽ ടഗ്ലിയാഫിക്കോയായിരുന്നു ഇടത് ബാക്കായി എത്തിയത്. ഈ മത്സരത്തിൽ ശ്രദ്ധേയ പ്രകടനവും അദ്ദേഹം കാഴ്ച വെച്ചിരുന്നു.

മധ്യനിരയിൽ ഗുയ്ഡോ റൊഡ്രീഗസ്, ലിയാൻഡ്രോ പരെഡെസ് എന്നിവരിൽ ആരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തണം എന്നതിലും അർജന്റൈൻ പരിശീലകന് ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. ഫൈനലിന് മുൻപ് നടക്കാനിരിക്കുന്ന പരിശീലന സെഷനുകൾക്ക് ശേഷം ടീം ലൈനപ്പിന്റെ കാര്യത്തിൽ അർജന്റൈൻ പരിശീലകന് വ്യക്തത ലഭിക്കുമെന്നും അവസാന പരിശീലന സെഷന് ശേഷമേ അദ്ദേഹം ഫൈനലിനുള്ള സ്റ്റാർട്ടിംഗ് ഇലവനെ തീരുമാനിക്കുകയുള്ളൂവെന്നുമാണ് കരുതപ്പെടുന്നത്.

facebooktwitterreddit