രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ പിന്തുണച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി

By Gokul Manthara
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / CARL DE SOUZA/GettyImages
facebooktwitterreddit

വിഖ്യാത പരിശീലകൻ ആഴ്‌സെൻ വെംഗർ മുന്നോട്ട് വെച്ച രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ പിന്തുണച്ച് അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണി. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നത് കളിക്കാരുടെ ജോലി ഭാരം കുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന സ്കലോണി, അത്തരത്തിൽ ലോകകപ്പ് സംഘടിപ്പിക്കുകയാണെങ്കിൽ ഒരു ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ പരിശീലകനെന്ന നിലയിൽ താൻ അതിനെ അനുകൂലിക്കുമെന്നും കൂട്ടിച്ചേർത്തു.

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റ് ചീഫായ വെംഗറാണ് രണ്ട് വർഷത്തിലൊരിക്കൽ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിക്കണമെന്ന ആശയം ഫുട്ബോൾ ലോകത്ത് സജീവമാക്കിയത്. ഫുട്ബോളിന്റെ അന്താരാഷ്ട്ര ഭരണ സമിതിയായ ഫിഫക്കും ഈ ആശയത്തോട് താല്പര്യമുണ്ടെങ്കിലും ഭൂരിപക്ഷം ഫുട്ബോൾ പണ്ഡിതരും, യുവേഫ ഉൾപ്പെടെയുള്ള അസോസിയേഷനുകളും ഈ ആശയത്തെ എതിർത്തിരുന്നു. കഴിഞ്ഞയാഴ്ച ഫ്രാൻസ് ഇതിഹാസം തിയറി ഹെന്റിയും രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ പരസ്യമായി എതിർത്ത് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായി അതിനെ അനുകൂലിച്ച് അർജന്റൈൻ പരിശീലകൻ മുന്നോട്ടു വന്നിരിക്കുന്നത്.

"ഞാൻ ഇഷ്ടപ്പെടുന്ന ഒരു ആശയമാണിത് (രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ്). കളിക്കാരുടെ ജോലി ഭാരം കുറക്കാൻ അത് സഹായകമാകും. ഒരു മാസത്തിനുള്ളിൽ മത്സരങ്ങളെല്ലാം ഒരുമിച്ച് കൊണ്ടു വരാൻ ഇത് അനുവദിക്കും, അതും ചെറിയ യാത്രകളിലൂടെ. അങ്ങനെയാണെങ്കിൽ ഒരു ദക്ഷിണ അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകനെന്ന നിലയിൽ ഞാൻ അതിന് അനുകൂലമായിരിക്കും."

"മറ്റ് കളിക്കാർക്കും ഈ ഫോർമാറ്റ് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു‌. ഓരോ രണ്ട് വർഷവും ലോകകപ്പ് നടക്കുന്നു എന്നത് യുക്തിപരമായും മികച്ചതാണെന്ന് ഞാൻ കരുതുന്നു," പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ സ്കലോണി പറഞ്ഞു.


facebooktwitterreddit