Football in Malayalam

അർജന്റീനക്കൊപ്പം ചേരുമ്പോൾ മെസി കൂടുതൽ മികച്ച കളിക്കാരനാണെന്ന് ലയണൽ സ്കലോണി

Sreejith N
Argentina v Paraguay - South American Qualifiers for Qatar 2022
Argentina v Paraguay - South American Qualifiers for Qatar 2022 / Marcelo Endelli/Getty Images
facebooktwitterreddit

ഈ മാസാവസാനം അർജന്റീനക്കൊപ്പം രണ്ടു വമ്പൻ പോരാട്ടങ്ങൾക്ക് ഇറങ്ങാനിരിക്കെ നായകനായ ലയണൽ മെസിയിൽ പ്രതീക്ഷയർപ്പിച്ച് പരിശീലകൻ ലയണൽ സ്കലോണി. ദേശീയ ടീമിനൊപ്പം ചേരുമ്പോൾ മെസി കൂടുതൽ മികച്ച കളിക്കാരനാവുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ച സ്കലോണി, ബാഴ്‌സലോണ നായകന് വളരെക്കാലം ഇതേ ഫോമിൽ തുടരാൻ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ഈ മാസാവസാനം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കയിലെ കരുത്തരായ ടീമുകളായ ബ്രസീലിനെയും യുറുഗ്വയെയുമാണ് അർജന്റീനക്ക് നേരിടാനുള്ളത്. മാർച്ച് 26നു നടക്കുന്ന മത്സരത്തിൽ അർജന്റീന യുറുഗ്വായെ നേരിടുമ്പോൾ ബ്രസീലിനെതിരായ ക്ലാസികോ പോരാട്ടം മാർച്ച് 30നാണ്.

"മെസി മികച്ച താരമായി തുടരുന്നു, ഞങ്ങൾക്കൊപ്പം ചേരുമ്പോൾ അദ്ദേഹം കൂടുതൽ മികച്ച താരമാണ്. അതങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങൾ വളരെ ബുദ്ധിമുട്ടേറിയതാണ്. നിക്കോ ഗോൺസാലസ്, ലോ സെൽസോ, ഒകാമ്പോസ് എന്നിവർ നല്ല അവസ്ഥയിലല്ല ഉള്ളതെന്ന് ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. എന്നാൽ ഞങ്ങൾ മറ്റു താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ്," മാർക്കയോട് സ്കലോണി പറഞ്ഞു.

ഡച്ച് ലീഗിൽ ഫെയനൂർദിനു വേണ്ടി കളിക്കുന്ന മാർക്കോസ് സെൻസിക്ക് അർജന്റീനിയൻ ടീമിൽ അവസരം ലഭിച്ചേക്കുമെന്ന സൂചനകളും സ്കലോണി നൽകി. യൂറോപ്പിലെ ഒരു പ്രധാനപ്പെട്ട ലീഗിൽ കളിക്കുന്ന താരത്തിന്റെ മത്സര പരിചയം ടീമിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്ന് അർജന്റീനിയൻ പരിശീലകൻ വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിൽ തന്നെ സ്കലോണി അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കും. നിലവിൽ നാല് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച് പത്ത് പോയിന്റുമായി അർജന്റീന പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നാലിൽ നാല് മത്സരവും ജയിച്ച ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.

facebooktwitterreddit