പ്രീമിയർ ലീഗ് താരങ്ങളെ അന്താരാഷ്ട്ര ഡ്യൂട്ടി കഴിയാതെ തിരിച്ചയക്കില്ലെന്ന് അർജന്റീന, ബ്രസീൽ പരിശീലകർ

ഈ മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന അർജന്റീന, ബ്രസീൽ ടീമുകളിലെ താരങ്ങളെ മത്സരങ്ങൾ അവസാനിക്കാതെ അവരുടെ ക്ലബ്ബുകളിലേക്ക് തിരിച്ചു പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ടീമുകളുടെ പരിശീലകരായ ലയണൽ സ്കലോണിയും ടിറ്റെയും. മൂന്ന് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന താരങ്ങളെ മത്സരങ്ങളെല്ലാം പൂർത്തിയാകാതെ ടീമിൽ നിന്ന് വിടില്ലെന്ന് ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ വ്യക്തമാക്കിയതോടെ തലവേദനയിലായിരിക്കുന്നത് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ്. പ്രധാനമായും ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ലബ്ബുകളെയാണ് ഇക്കാര്യം ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്.
ഈ മാസത്തെ അന്താരാഷ്ട്ര ഇടവേള ഒക്ടോബർ 15നാണ് അവസാനിക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാകട്ടെ ഒക്ടോബർ 16ന് മത്സരങ്ങളുണ്ട്. 15ന് നടക്കാനിരിക്കുന്ന അവസാന മത്സരത്തിന് ശേഷമേ താരങ്ങളെ ദേശീയ ടീമിൽ നിന്ന് വിട്ടയക്കൂ എന്ന് അർജന്റീന പരിശീലകൻ സ്കലോണിയും, ബ്രസീൽ പരിശീലകൻ ടിറ്റെയും വ്യക്തമാക്കിയിരിക്കുന്നതോടെ ഈ രാജ്യങ്ങളിലെ കളിക്കാർ തൊട്ടടുത്ത ദിവസം തങ്ങളുടെ ക്ലബ്ബിനൊപ്പം ചേരാനുള്ള സാധ്യത വിരളമാണ്.
"അതിനുള്ള സാധ്യത ഒരിക്കലുമില്ല (താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിന്). അവരെ മൂന്ന് മത്സരങ്ങൾക്കായാണ് വിളിപ്പിച്ചിരിക്കുന്നത്," ദേശീയ ടീമിനൊപ്പമുള്ള മത്സരങ്ങൾ തീരുന്നതിന് മുന്നേ കളിക്കാരെ അതാത് ക്ലബ്ബുകളിലേക്ക് മടങ്ങാൻ അനുവദിക്കുമോയെന്ന ചോദ്യത്തിന് ബ്രസീൽ പരിശീലകൻ ടിറ്റെ മറുപടി നൽകി.
കഴിഞ്ഞ മാസത്തെ അന്താരാഷ്ട്ര ഇടവേളയിൽ തങ്ങളുടെ പ്രീമിയർ ലീഗ് താരങ്ങളെ നേരത്തെ മടങ്ങാൻ അനുവദിച്ചത് പോലെ ഇക്കുറി ചെയ്യില്ലെന്നായിരുന്നു അർജന്റൈൻ പരിശീലകൻ സ്കലോണി പറഞ്ഞത്. ഇത്തവണ മൂന്ന് മത്സരങ്ങൾ കളിക്കാനാണ് അവർ വന്നിരിക്കുന്നതെന്നും ഒരു കാരണവശാലും അവർ നേരത്തെ മടങ്ങില്ലെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം പ്രീമിയർ ലീഗിൽ നിന്ന് എഡേഴ്സൺ, ഗബ്രിയേൽ ജീസസ്, ഡഗ്ലസ് ലൂയിസ്, അലിസൺ, ഫാബീഞ്ഞോ തിയാഗോ സിൽവ, ഫ്രെഡ്, റാഫീഞ്ഞ, എമേഴ്സൺ എന്നിവരാണ് ഈ മാസം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലുള്ളത്. അർജന്റീന ടീമിലാവട്ടെ എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ജിയോവാനി ലോ സെൽസോ എന്നീ രണ്ട് പേരാണ് പ്രീമിയർ ലീഗിൽ നിന്നുള്ളത്. ഇതിൽ ഒക്ടോബർ 16 ന് മത്സരങ്ങളുള്ള ക്ലബ്ബുകളിലെ താരങ്ങൾക്ക് ആ മത്സരം നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.