വെനസ്വേലയെ തകർത്ത് വിജയക്കുതിപ്പ് തുടർന്ന് അർജന്റീന; ചിലിയെ വീഴ്ത്തി മുന്നേറി ബ്രസീലും

ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തകർപ്പൻ ജയം നേടി ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീനയും, ബ്രസീലും. കോപ്പ അമേരിക്ക ചാമ്പ്യമാരായ അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെനസ്വേലയെ വീഴ്ത്തിയപ്പോൾ, ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ, ചിലിയെ മറികടന്നത്. വിജയങ്ങളോടെ ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും, അർജന്റീന രണ്ടാം സ്ഥാനത്തും തുടരുകയാണ്.
വെനസ്വേലയിലെ കാരക്കാസിൽ നടന്ന മത്സരത്തിൽ ആധികാരിക ജയമായിരുന്നു ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന അർജന്റീനയുടേത്. ലയണൽ മെസിക്കെതിരായ അപകടകരമായ ഫൗളിനെത്തുടർന്ന് മുപ്പത്തിരണ്ടാം മിനുറ്റിൽ പ്രതിരോധ താരം അഡ്രിയാനോ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതിനാൽ പിന്നീട് 10 പേരുമായിട്ടാണ് വെനസ്വേല കളിച്ചത്. ആളെണ്ണം കുറഞ്ഞതോടെ അർജന്റീനക്കെതിരെ പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ട വെനസ്വേലയുടെ വലയിൽ ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് ആദ്യ ഗോളെത്തി. ജിയോവാനി ലോസെൽസോയുടെ അസിസ്റ്റിൽ നിന്ന് സൂപ്പർ താരം ലൗട്ടാരോ മാർട്ടിനസായിരുന്നു ഈ ഗോൾ നേടിയത്.
രണ്ടാം പകുതിയിലും മികച്ച ഫോം തുടർന്ന് അർജന്റീന മത്സരത്തിന്റെ എഴുപത്തിയൊന്നാം മിനുറ്റിൽ ലീഡുയർത്തി. ജോവാക്വിൻ കൊറിയായിരുന്നു ഇക്കുറി ഗോൾ സ്കോറർ, വഴിയൊരുക്കിയത് ആദ്യ ഗോൾ നേടിയ ലൗട്ടാരോയും. മൂന്ന് മിനുറ്റുകൾക്ക് ശേഷം ഏഞ്ചൽ കൊറിയ നേടിയ ഗോൾ വെനസ്വേലയുടെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു.
? #Eliminatorias
— Selección Argentina ?? (@Argentina) September 3, 2021
⚽ @Argentina ?? 3 (Lautaro Martínez, Joaquín Correa y Ángel Correa) ? #Venezuela ?? 1 (Yeferson Soteldo)
? ¡Final del partido en Caracas!
? El elenco comandado por Lionel Scaloni jugará el próximo domingo ante #Brasil ??
¡#VamosArgentina! ? pic.twitter.com/lsQwyvcSya
അതേ സമയം പരാജയം ഉറപ്പിച്ചതിന് ശേഷമായിരുന്നു വെനസ്വേല തങ്ങളുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിൽ നിന്ന് യെഫേഴ്സൺ സോറ്റൽഡോയാണ് ഈ ഗോൾ നേടിയത്. വിജയത്തോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അപരാജിത കുതിപ്പ് തുടരാനും അർജന്റീനക്ക് കഴിഞ്ഞു. നിലവിൽ ലോകകപ്പ് ക്വാളിഫയേഴ്സിൽ 7 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ അർജന്റീന 4 ജയങ്ങളും, 3 സമനിലകളുമാണ് നേടിയിട്ടുള്ളത്.
അതേ സമയം ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ അറുപത്തിനാലാം മിനുറ്റിൽ എവർട്ടൺ റിബെയ്റോയായിരുന്നു കാനറികളുടെ വിജയ ഗോൾ നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ ഏഴാം ജയമാണിത്. ലോകകപ്പ് ക്വാളിഫയിംഗ് റൗണ്ടിൽ ഇതു വരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടിയ ബ്രസീലാണ് നിലവിൽ ലാറ്റിനമേരിക്കൻ മേഖലയിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.