Football in Malayalam

ആരാധകരെ നിരാശരാക്കുന്ന തീരുമാനവുമായി അർജന്റീന, മെസിയടക്കം യൂറോപ്പിൽ കളിക്കുന്ന താരങ്ങൾ യോഗ്യത മത്സരങ്ങളിൽ ഇറങ്ങില്ല

Sreejith N
Argentina  v Venezuela  -International Friendly
Argentina v Venezuela -International Friendly / Soccrates Images/Getty Images
facebooktwitterreddit

ഈ മാസാവസാനം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ മത്സരങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് ചൂടു പിടിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം മൂലം പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നടക്കുന്ന മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു കൊടുക്കുന്ന കാര്യത്തിൽ ക്ലബുകളും പരിശീലകരും പ്രതികൂല അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

കോവിഡ് വ്യാപനത്തെ മുൻനിർത്തി ലാറ്റിനമേരിക്കയിൽ വെച്ചു നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെക്കണമെന്ന് ഫിഫ അഭ്യർത്ഥിച്ചുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ അർജന്റീന യൂറോപ്പിൽ കളിക്കുന്ന താരങ്ങളെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനമെടുത്തുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. അർജന്റീനിയൻ മാധ്യമമായ മുണ്ടോ ആൽബിസെലെസ്റ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വവും അതിലെ പത്ത് രാജ്യങ്ങളും ഫിഫ പ്രതിനിധിയും ചേർന്ന് നടത്തിയ ചർച്ചയിലാണ് യൂറോപ്പിൽ കളിക്കുന്ന താരങ്ങളെ യോഗ്യത മത്സരങ്ങളിൽ നിന്നും ഒഴിവാക്കാൻ തയ്യാറാണെന്ന കാര്യം അർജന്റീന അറിയിച്ചത്. ലാറ്റിനമേരിക്കൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ മാത്രം വെച്ച് മത്സരങ്ങൾ കളിക്കാമെന്നാണ് അർജന്റീന അറിയിച്ചത്.

അതേസമയം ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഈ മാസം കളിക്കുന്നത് ഒഴിവാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഒരു യോഗം കൂടി ചേർന്നാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും മുണ്ടോ ആൽബിസെലസ്റ്റെ വ്യക്തമാക്കി. യൂറോപ്പിലെ താരങ്ങളെ ഒഴിവാക്കുകയാണെങ്കിൽ പ്രധാന താരങ്ങൾ ഇല്ലാതെയാവും ഇത്തവണ യോഗ്യത മത്സരങ്ങൾ നടക്കുക.

ഇതുപോലെ മുന്നോട്ടു പോവുകയാണെങ്കിൽ മെസി, സുവാരസ്, നെയ്‌മർ, ഹാമെസ് റോഡ്രിഗസ് എന്നിങ്ങനെ നിരവധി താരങ്ങൾക്ക് ദേശീയ ടീമിനൊപ്പം ചേരാൻ കഴിയില്ലെന്നിരിക്കെ ഈ മാസാവസാനം നടക്കാനിരുന്ന അർജന്റീന-യുറുഗ്വായ് മത്സരവും അർജന്റീന-ബ്രസീൽ മത്സരവും കാണാനിരിക്കുന്ന ആരാധകരെ സംബന്ധിച്ച് ഈ തീരുമാനം നിരാശപ്പെടുത്തുന്നതാണ്.

facebooktwitterreddit