ക്രിസ്റ്റൻസെൻ ട്രാൻസ്ഫറിനൊരുങ്ങുന്ന ബാഴ്സലോണക്ക് മുന്നറിയിപ്പുമായി അറോഹോ


ചെൽസിയിൽ നിന്നും ആന്ദ്രെസ് ക്രിസ്റ്റൻസെനെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന ബാഴ്സലോണക്ക് മുന്നറിയിപ്പുമായി ടീമിന്റെ പ്രതിരോധതാരം റൊണാൾഡ് അറോഹോ. ചെൽസി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി ടീമിലേക്കെത്തുന്ന ക്രിസ്റ്റൻസെന് തന്നെക്കാൾ കൂടുതൽ പ്രതിഫലം നൽകുന്ന കരാർ നൽകിയാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് യുറുഗ്വായ് താരം വ്യക്തമാക്കിയത്.
ക്രിസ്റ്റൻസെനു കരാർ പുതുക്കാൻ ചെൽസി രണ്ടു തവണ ഓഫർ നൽകിയിരുന്നെങ്കിലും അതു രണ്ടും താരം നിഷേധിക്കുകയാണ് ഉണ്ടായത്. രണ്ടു വർഷങ്ങൾക്കു മുൻപു തന്നെ ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമം നടത്തിയ താരത്തിനു സാവിയുടെ പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി മാറുന്നതിൽ താൽപര്യമുണ്ടെന്നാണ് 90Min മനസിലാക്കുന്നത്.
ജെറാർഡ് പിക്വക്ക് അധികകാലം ബാഴ്സലോണയിൽ ബാക്കിയില്ല എന്നതും ലെങ്ലറ്റ്, ഉംറ്റിറ്റി എന്നിവർ ക്ലബ് വിടാനുള്ള സാധ്യതയും പരിഗണിക്കുമ്പോൾ വരുന്ന സീസണുകളിൽ ക്രിസ്റ്റൻസെനും അറോഹോയും ടീമിന്റെ പ്രധാന പ്രതിരോധതാരങ്ങളായി മാറും എന്നാണു ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനായി യുറുഗ്വായ് താരത്തിന്റെ കരാർ പുതുക്കുന്നതിലെ പ്രതിസന്ധി ബാഴ്സ മറികടക്കേണ്ടി വരും.
2023 വരെ മാത്രം ബാഴ്സലോണ കരാർ ബാക്കിയുള്ള അറോഹോ ക്ലബ് മുന്നോട്ടു വെച്ച ഒരു കോണ്ട്രാക്റ്റ് ഓഫർ നിലവിൽ നിഷേധിച്ചിട്ടുണ്ട്. പ്രതിഫലം കുറവാണെന്നതു ചൂണ്ടിക്കാട്ടിയാണ് താരം ആദ്യത്തെ വാഗ്ദാനം തള്ളിയത്. അതിനു പിന്നാലെ ക്രിസ്റ്റൻസെനു ബാഴ്സലോണ വലിയ കരാർ വാഗ്ദാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് തന്റെ നിലപാട് അറോഹോ അറിയിച്ചതെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റൻസെനു നൽകുന്ന തുകയിൽ നിന്നും കുറഞ്ഞ പ്രതിഫലം നൽകിയുള്ള കരാർ താൻ സ്വീകരിക്കില്ലെന്ന് അറോഹോ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബിനു തന്റെ മേലുള്ള വിശ്വാസം അതിലൂടെ തെളിയിക്കാൻ കഴിയുമെന്നും താരം കരുതുന്നു. പ്രീമിയർ ലീഗ് ക്ലബുകൾ സ്വന്തമാക്കാൻ ശ്രമം നടത്തുന്ന താരത്തിന്റെ ഈ നിലപാട് ബാഴ്സലോണക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.