ഭാവിയെക്കുറിച്ച് മനസു തുറന്ന് അറോഹോ, ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തിരിച്ചടി


ബാഴ്സലോണയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ഇതു വരെയും തീരുമാനമാകാതെ നിൽക്കുന്നതിനിടെ തന്റെ ഭാവിയെക്കുറിച്ച് മനസു തുറന്ന് ക്ലബിന്റെ പ്രതിരോധതാരമായ റൊണാൾഡ് അറോഹോ. ബാഴ്സലോണ ബി ടീമിൽ നിന്നും സീനിയർ ടീമിലെത്തി നിലവിൽ ലീഗിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായി മാറിയ അറോഹോ ക്ലബിനൊപ്പം തുടരാനാണു തന്റെ താൽപര്യമെന്ന് വ്യക്തമാക്കി.
അടുത്ത സീസൺ പൂർത്തിയായാൽ കരാർ അവസാനിക്കുന്ന അറോഹോയുമായി ബാഴ്സലോണ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും പ്രതിഫലം സംബന്ധിച്ച അഭിപ്രായവ്യത്യാസം മൂലം ക്ലബിന്റെ ഓഫറുകൾ താരം നിരസിക്കുകയായിരുന്നു. എന്നാൽ ഈയാഴ്ച്ച കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു യോഗം കൂടി നടക്കുമെന്നും അതിൽ എല്ലാം പരിഹരിക്കപ്പെടുമെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചു.
He has been heavily linked with Manchester United recently. #mufc https://t.co/WqNTa4P2tZ
— Man United News (@ManUtdMEN) April 4, 2022
"ഇവിടെ നിൽക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്, ക്ലബിന്റെ പിന്തുണയും എനിക്ക് സന്തോഷം നൽകുന്നു. കരാർ പുതുക്കാനുള്ള ചർച്ചകൾ ഞങ്ങൾ നടത്തുന്നുണ്ട്, ഈയാഴ്ച ഒരു മീറ്റിങ് കൂടിയുണ്ട്. എല്ലാം പെട്ടന്നു തന്നെ പരിഹരിക്കപ്പെടുമെന്നും ഇനിയും നിരവധി വർഷങ്ങൾ ക്ലബിനൊപ്പം തുടരാൻ എനിക്ക് കഴിയുമെന്നും കരുതുന്നു. എനിക്ക് പ്രതീക്ഷയുണ്ട്." കഴിഞ്ഞ ലീഗ് മത്സരത്തിനു ശേഷം അറോഹോ പറഞ്ഞു.
അറോഹോ ബാഴ്സലോണയുമായി കരാർ പുതുക്കിയാൽ അതു തിരിച്ചടിയാവുക താരത്തെ നോട്ടമിട്ടിരിക്കുന്ന പ്രീമിയർ ലീഗ് ക്ലബുകൾക്കാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് താരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർക്കാണ് താത്പര്യമുള്ളത്. എന്നാൽ സാവിയുടെ കീഴിൽ ബാഴ്സലോണ മികച്ച പ്രകടനം നടത്തുന്നതിനാൽ താരം ക്ലബിൽ തന്നെ തുടരാനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.