പ്രീമിയർ ലീഗ് ക്ലബുകളുടെ അറഹോ മോഹം അവസാനിപ്പിക്കാൻ ബാഴ്സലോണ, താരത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ച് സാവി


പ്രീമിയർ ലീഗ് ക്ലബുകൾക്ക് സ്വന്തമാക്കാൻ താൽപര്യമുള്ള ബാഴ്സലോണയുടെ യുറുഗ്വായ് പ്രതിരോധതാരമായ റൊണാൾഡ് അറഹോയുടെ കരാർ പുതുക്കുന്നതിനു ക്ലബ് വളരെയധികം പരിഗണന നൽകുന്നുണ്ടെന്നു വ്യക്തമാക്കി പരിശീലകൻ സാവി ഹെർണാണ്ടസ്. 2023ൽ കരാർ അവസാനിക്കുന്ന ഇരുപത്തിരണ്ടു വയസുള്ള താരത്തിൽ ക്ലബിന്റെ ഭാവിയുണ്ടെന്നാണ് സാവി പറയുന്നത്.
ബാഴ്സലോണ ബി ടീമിൽ നിന്നും വന്ന് സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ അറഹോ മികച്ച പ്രകടനം നടത്തുന്നുണ്ട്. സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം നിരവധി ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ട്. അതിൽ തന്നെ ചെൽസിയാണ് അറഹോയെ സ്വന്തമാക്കാൻ മുന്നിലുള്ളതെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Barcelona manager Xavi: “Araújo’s contract extension is one of the priorities. We definitely want to extend his contract as soon as possible”. ??? #FCB
— Fabrizio Romano (@FabrizioRomano) February 5, 2022
“Araújo is giving us a lot and he is highly esteemed in the club and the dressing room”. pic.twitter.com/KNe3n7Dg1g
"തീർച്ചയായും അതു ഞങ്ങളുടെ പരിഗണനയിലുള്ള കാര്യമാണ്. റൊണാൾഡ് ഞങ്ങൾക്കു വളരെ പ്രധാനപ്പെട്ട സെന്റർ ബാക്കാണ്, താരം ഞങ്ങളെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു." യുറുഗ്വായ് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സാവി മറുപടി നൽകി.
"ഞങ്ങൾ താരത്തിന്റെ പ്രകടനത്തിൽ വളരെ സംതൃപ്തരാണ്. ലോക്കർ റൂമിലും എല്ലാവരും താരത്തെ ഇഷ്ടപ്പെടുന്നു. താരത്തിന്റെ ഏജന്റുമായി സംസാരിച്ചു കരാർ പുതുക്കുക ഞങ്ങളുടെ പ്രധാന പരിഗണനയാണ്. ക്ലബിന്റെ വർത്തമാനവും ഭാവിയും താരമാണ്." സാവി അത്ലറ്റികോ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.
2019 ഒക്ടോബറിൽ ബാഴ്സലോണക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ പതിനഞ്ചു മിനിറ്റിനകം തന്നെ ചുവപ്പുകാർഡ് നേടി പുറത്തായ താരമാണ് അറഹോ. എന്നാൽ കൂമാൻ ബാഴ്സലോണ പരിശീലകനായിരുന്ന സമയത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ച താരം പിന്നീട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.