ബാഴ്‌സലോണയുമായി കരാർ പുതുക്കാനുള്ള വാഗ്‌ദാനം നിരസിച്ച് അറഹോ, താരത്തെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ക്ലബുകൾ

Deportivo Alaves v FC Barcelona - La Liga Santander
Deportivo Alaves v FC Barcelona - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ബാഴ്‌സലോണ പ്രതിരോധതാരമായ റൊണാൾഡ്‌ അറഹോ കരാർ പുതുക്കാനുള്ള ക്ലബിന്റെ വാഗ്‌ദാനം നിരസിച്ചു. അടുത്ത സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരത്തെ ടീമിൽ നിലനിർത്തുന്നതിനു വേണ്ടി കാറ്റലൻ ക്ലബ് നൽകിയ ആദ്യത്തെ ഓഫറാണ് അറഹോ നിരസിച്ചതെന്ന് മാർക്ക വെളിപ്പെടുത്തി.

അറഹോയുടെ ഏജന്റും ബാഴ്‌സലോണയും തമ്മിൽ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞയാഴ്‌ചയാണ്‌ ആരംഭിച്ചത്. ഇതിനു പിന്നാലെ നൽകിയ ആദ്യ ഓഫർ താരം നിരസിക്കുകയും ചെയ്‌തു. എന്നാൽ ചർച്ചകൾ ഉടനെ തന്നെ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണ ബി ടീമിൽ നിന്നും സീനിയർ ടീമിലെത്തിയ റൊണാൾഡ്‌ അറഹോ നിലവിൽ ക്ലബിന്റെ പ്രതിരോധനിരയിലെ പ്രധാന താരമാണ്. ജെറാർഡ് പിക്വക്കൊപ്പം സെന്റർ ബാക്കായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയ താരത്തിന് ആവശ്യമെങ്കിൽ റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാനും കഴിയും.

അറഹോ കരാർ പുതുക്കാനുള്ള വാഗ്‌ദാനം നിരസിച്ചത് പ്രീമിയർ ലീഗ് ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ താരത്തിനു വേണ്ടി നടത്തുന്ന നീക്കങ്ങൾ ശക്തമാക്കാൻ കാരണമായിട്ടുണ്ട്. അടുത്ത സമ്മർ വരെയും താരം പുതിയ കരാർ ഒപ്പിട്ടില്ലെങ്കിൽ അറഹോയെ വമ്പൻ ഓഫർ നൽകി ക്ലബിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ഇവർ നടത്തിയേക്കും.

അതേസമയം ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്ററായ മാത്യു അലെമണി അടുത്തതായി പ്രാധാന്യം നൽകുന്നത് അറഹോയുടെ കരാർ പുതുക്കുന്നതിനു തന്നെയാണ്. പ്രതിഭയുള്ള യുവതാരത്തിന് നിരവധി വർഷങ്ങൾ ക്ലബിന്റെ പ്രധാനിയാകാൻ കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.