എസ്‌പാന്യോളിനെതിരായ അധിക്ഷേപത്തിൽ ക്ഷമാപണം നടത്തി ബാഴ്‌സലോണ താരം അറോഹോ

Sreejith N
Deportivo Alaves v FC Barcelona - La Liga Santander
Deportivo Alaves v FC Barcelona - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ഇന്നലെ രാത്രി നടന്ന ലാ ലിഗ മത്സരത്തിനിടെ എസ്‌പാന്യോൾ ആരാധകരെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി ബാഴ്‌സലോണ പ്രതിരോധതാരം റൊണാൾഡ്‌ അറോഹോ. വളരെ ചൂടു പിടിച്ച അന്തരീക്ഷത്തിൽ നടന്ന കാറ്റലൻ ഡെർബിയിൽ രണ്ടു ടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിൽ പിരിയുകയാണു ചെയ്‌തത്‌.

മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ സമയത്ത് ജെറാർഡ് പിക്വയുമായുണ്ടായ കലഹത്തിന്റെ പേരിൽ എസ്‌പാന്യോൾ താരം നിക്കോ മെലമെദിനു ചുവപ്പുകാർഡ് ലഭിച്ചിരുന്നു. അതിനു ശേഷം താരം ഫീൽഡ് വിടുമ്പോഴാണ് അറോഹോ അധിക്ഷേപം നടത്തിയത്. തരം താഴ്ത്തൽ മേഖലയിൽ കിടക്കുന്ന ക്ലബ് രണ്ടാം ഡിവിഷനിലേക്ക് പോകുമെന്നു ആംഗ്യം കാണിച്ച താരം മോശം വാക്കുകളും ഉപയോഗിക്കുകയുണ്ടായി.

"ഞാൻ നടത്തിയ ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ എല്ലാ എസ്‌പാന്യോൾ ആരാധകരോടും ക്ഷമാപണം നടത്തുന്നു. ഡെർബിക്കിടെ നടന്ന സംഘർഷത്തിന്റെ ഫലമായിരുന്നു എല്ലാം. എതിർ ക്ലബുകളെയും ആരാധകരെയും ബഹുമാനനിക്കുന്ന ഒരു വ്യക്തിയെയാണ് ഞാൻ എന്നെത്തന്നെ കണക്കാക്കുന്നത്. സംഭവിച്ചതിൽ എനിക്ക് യാതൊരു അഭിമാനവുമില്ല." അറോഹോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മത്സരത്തിനു ശേഷം പരിശീലകനായ സാവി ഹെർണാണ്ടസും അറോഹോയുടെ പ്രവൃത്തിക്ക് ക്ഷമാപണം നടത്തിയിരുന്നു. താരങ്ങൾ എല്ലായിപ്പോഴും എതിർ ടീമിനെയും ആരാധകരെയും ബഹുമാനിക്കണമെന്നു പറഞ്ഞ സാവി മത്സരത്തിന്റെ സ്വഭാവമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നും വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit