പുതിയ വിദേശതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Apostolos Giannou Signs For Kerala Blasters
Apostolos Giannou Signs For Kerala Blasters / Mark Metcalfe/GettyImages
facebooktwitterreddit

വരുന്ന സീസണിലേക്കായി ആദ്യ വിദേശതാരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. എ ലീഗിൽ മക്കാർതറിന്റെ താരമായിരുന്ന അപോസ്റ്റോലസ് ഗിയാന്നൂവിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. മുപ്പത്തിരണ്ടു വയസുള്ള സ്‌ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരത്തെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗ്രീസ്, ഓസ്‌ട്രേലിയ എന്നീ ദേശീയ ടീമുകൾക്കു വേണ്ടി ബൂട്ട് കെട്ടിയിട്ടുളള ഗിയാന്നൂവിന്റെ ജനനം ഗ്രീസിൽ ആയിരുന്നു. പിന്നീട് ഓസ്‌ട്രേലിയയിൽ എത്തിയ താരം തന്റെ പ്രൊഫെഷണൽ അരങ്ങേറ്റം നടത്തിയത് ഓക്കലെ കാന്യോൻ എന്ന ക്ലബിനു വേണ്ടി ആയിരുന്നു. അതിനു ശേഷം ഗ്രീസിലെ വിവിധ ക്ലബുകളിൽ കളിച്ച താരം 2016ൽ ചൈനീസ് സൂപ്പർ ലീഗിലെത്തി.

രണ്ടു സീസണുകൾ ചൈനയിൽ കളിച്ചതിനു ശേഷം പിന്നീട് സൈപ്രസിലേക്ക് ചേക്കേറിയ താരം അവിടെ നിന്നും ഒരിക്കൽ കൂടി ഗ്രീക്ക് ലീഗിൽ കളിച്ചതിനു ശേഷമാണ് ഓസ്‌ട്രേലിയൻ ലീഗിൽ എത്തുന്നത്. 2022ൽ മക്കാർതറിൽ എത്തിയ താരം ഇരുപതു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളാണ് ഓസ്‌ട്രേലിയൻ ക്ലബിനായി നേടിയിരിക്കുന്നത്.

ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി പന്ത്രണ്ടു മത്സരങ്ങൾ കളിച്ചിട്ടുള്ള താരം രണ്ടു ഗോളും നാല് അസിസ്റ്റും സ്വന്തമാക്കി. അതിനു മുൻപ് ഗ്രീസ് ദേശീയ ടീമിനു വേണ്ടി ഒരു മത്സരത്തിലും ഗിയാന്നൂ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കിരീടം നേടാൻ സഹായിക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.