ചെൽസി പ്രതിരോധതാരം അന്റോണിയോ റുഡിഗറെ ടീമിലെത്തിക്കാൻ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്; ബയേൺ മ്യൂണിക്കിനും താല്പര്യം

ചെൽസിയുമായുള്ള കരാർ ജൂലൈയിൽ അവസാനിക്കുന്ന പ്രധിരോധതാരം അന്റോണിയോ റുഡിഗറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു.
സെർജിയോ റാമോസിനെയും, റാഫേൽ വരാനെയും ഒരേ ട്രാൻസ്ഫർ ജാലകത്തിൽ നഷ്ടമായ റയൽ മാഡ്രിഡ് ഈ സീസണിലെ തുടക്കം തന്നെ പ്രതിരോധത്തിൽ കഷ്ടപ്പെടുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കാണുന്നത്. എബിസിയുടെ റിപ്പോർട്ട് പ്രകാരം ഇവരുടെ വിടവ് നികത്താൻ ലോസ് ബ്ലാങ്കോസ് കണ്ടെത്തിയിരിക്കുന്നത് റുഡിഗറെയാണ്.
2017ൽ റോമയിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയതിന് ശേഷം രണ്ട് എഫ്എ കപ്പുകൾ, യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ 5 കിരീടങ്ങൾ നേടിയിട്ടുള്ള റുഡിഗർ ചെൽസി ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ്. എന്നാൽ, ചെൽസിയുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെ, ക്ലബ്ബുമായി പുതിയ കരാറിൽ ധാരണയായിട്ടില്ലെന്നത് റുഡിഗർ ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
തോമസ് ടുഷെലിന് കീഴിൽ ചെൽസി പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായി മാറിയ റുഡിഗറിൽ റയൽ മാഡ്രിഡിന് പുറമെ ബയേൺ മ്യൂണിക്കിനും താല്പര്യമുണ്ട്. റുഡിഗറെ ക്ലബിൽ നിലനിറുത്തണമെന്ന് ടുഷെലിന് ആഗ്രഹമുണ്ടെങ്കിലും, താരത്തിന് സ്വീകാര്യമായ ഒരു കോൺട്രാക്ട് ഓഫർ ഇംഗ്ലീഷ് ക്ലബിൽ നിന്ന് ലഭിച്ചിട്ടില്ല.
ചെൽസി വിടാൻ റുഡിഗർ തീരുമാനിക്കുകയാണെങ്കിൽ, താരത്തിന് അടുത്ത വർഷം പ്രീ-കോൺട്രാക്ട് സൈൻ ചെയ്യാനും, 2021/22 സീസണിന് ശേഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനും കഴിയും.