ചെൽസിയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളിലൊരാളായി റുഡിഗർ മാറിയേക്കും; സൂചനകൾ ഇങ്ങനെ...

ജെർമ്മൻ പ്രതിരോധ താരം അന്റോണിയോ റുഡിഗർ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന താരങ്ങളിലൊരാളായി മാറിയേക്കുമെന്നും അത്തരത്തിലൊരു പ്രതിഫലം വാഗ്ദാനം ക്ലബ്ബ് തയ്യാറായില്ലെങ്കിൽ അദ്ദേഹം ചെൽസിയുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്നും സൂചന. ചെൽസി പരിശീലകനായ തോമസ് ടുഷലിന് സെന്റർബാക്ക് താരമായ റുഡിഗറിനെ ടീമിൽ നിലനിർത്താൻ ആഗ്രഹമുണ്ടെന്നും, താരവുമായി പുതിയ കരാറിൽ ഒപ്പു വെക്കുന്നത് മുൻ ഗണനയായിരിക്കണമെന്ന് ചെൽസി ഡയറക്ടർ മറീന ഗ്രാനോവ്സ്കയോട് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നുമാണ് 90Min ന് ലഭിക്കുന്ന സൂചനകൾ. ഇത് കൊണ്ടു തന്നെ വൻ തുക പ്രതിഫലത്തിൽ താരം ക്ലബ്ബിൽ തുടരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ജനുവരിയിൽ ടുഷൽ ചെൽസിയുടെ പരിശീലകനായെത്തിയത് മുതൽ ഉജ്ജ്വല ഫോമിലുള്ള റുഡിഗർ ടീമിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നിലും നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ അടുത്ത വർഷം ജൂണിൽ ചെൽസിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കാനിരിക്കുകയാണ്. ഇത് കൊണ്ടു തന്നെ വരുന്ന ജനുവരി മുതൽ മറ്റ് ക്ലബ്ബുകളുമായി കരാർ കാര്യത്തിൽ ചർച്ചകളിൽ ഏർപ്പെടാൻ താരത്തിന് കഴിയും. നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സെന്റർബാക്ക് താരങ്ങളിലൊരാളായ റുഡിഗറിന് വിപണിയിൽ മികച്ച ഡിമാൻഡുണ്ടാകുമെന്നതിനാൽ താരത്തിന്റെ കരാർ അവസാനിക്കുന്നതിന് മുന്നേ അത് നീട്ടുന്നതിനായാകും ചെൽസി ലക്ഷ്യമിടുക.
Chelsea are likely to have to make defender Antonio Rudiger among the highest paid players at the club if they are to keep him at Stamford Bridge.
— Sky Sports News (@SkySportsNews) September 23, 2021
നിലവിൽ റൊമേലു ലുക്കാക്കുവും, ടിമോ വെർണറുമാണ് ചെൽസിയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങൾ. ആഴ്ചയിൽ 300,000 പൗണ്ടിലധികമാണ് ക്ലബ്ബ് ഇരുവർക്കും നൽകുന്നത്. നിലവിൽ ക്ലബ്ബിന്റെ പ്രധാന താരങ്ങളിലൊരാളായ താൻ സമീപകാല പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതേ പ്രതിഫലം ലഭിക്കാൻ അർഹനാണെന്ന് റുഡിഗർ വിശ്വസിക്കുന്നതായാണ് 90Min മനസിലാക്കുന്നത്. ഇത് കൊണ്ടു തന്നെ അത്തരത്തിൽ ഉയർന്ന ശമ്പളം നൽകാൻ തയ്യാറായാൽ മാത്രം റുഡിഗർ ഇംഗ്ലീഷ് ക്ലബ്ബിൽ തുടരാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.
അതേ സമയം കഴിഞ്ഞ വർഷം വളരെ കുറഞ്ഞ ശമ്പള വർധനവ് മാത്രമായിരുന്നു റുഡിഗറിന് ചെൽസി വാഗ്ദാനം ചെയ്തത്. ജെർമ്മൻ താരത്തിന്റെ പ്രതീക്ഷകളിൽ നിന്ന് ഏറെ കുറഞ്ഞ തുകയായിരുന്നു അത്. എന്നാൽ നിലവിൽ താരത്തിന്റെ ഫോമിലും ഡിമാൻഡിലും വലിയ മാറ്റം വന്നതോടെ ആഗ്രഹിക്കുന്ന ഓഫർ നൽകി ചെൽസി അദ്ദേഹത്തെ ടീമിൽ നിലനിർത്തുമെന്നാണ് ആരാധകർ കരുതുന്നത്.