Football in Malayalam

റയലിനെയും ബയേണിനെയും മറികടന്ന് റുഡിഗറുമായി ട്രാൻസ്‌ഫർ ധാരണയിലെത്തി യുവന്റസ്

Sreejith N
Antonio Rudiger Agrees Deal With Juventus
Antonio Rudiger Agrees Deal With Juventus / Soccrates Images/GettyImages
facebooktwitterreddit

ചെൽസി പ്രതിരോധതാരമായ അന്റോണിയോ റുഡിഗറെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബായ യുവന്റസ് വിജയിച്ചുവെന്ന് റിപ്പോർട്ടുകൾ. ഈ സീസണോടെ ചെൽസി കരാർ അവസാനിക്കുന്ന താരത്തിനായി രംഗത്തുണ്ടായിരുന്ന റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ക്ലബുകളെ മറികടന്നാണ് യുവന്റസ് ജർമൻ താരവുമായി ധാരണയിലെത്തിയത്.

ലാ ഗസറ്റ ഡെല്ല സ്പോർട്ട് അടക്കമുള്ള ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം യുവന്റസ് മുന്നോട്ടു വെച്ച ഓഫർ ചെൽസി താരം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സീരി എയിൽ മുൻപ് റോമക്കു വേണ്ടി കളിച്ചിട്ടുള്ള താരം നാല് വർഷത്തെ കരാറാണ് യുവന്റസുമായി ഒപ്പിടുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചെൽസി പ്രതിരോധത്തിലെ പ്രധാനതാരമാണെങ്കിലും പ്രതിഫലവുമായി ബന്ധപ്പെട്ട ധാരണപ്പിശകാണ്‌ റുഡിഗർ ക്ലബ് വിടുന്നതിലേക്ക് നയിച്ചത്. തന്റെ ഡിമാൻഡുകൾ ചെൽസി തള്ളിയതും ക്ലബ് ഇപ്പോൾ കടന്നു പോകുന്ന സാഹചര്യവും ഇംഗ്ലണ്ട് വിടാൻ താരത്തെ പ്രേരിപ്പിച്ചു. യുവന്റസിൽ ഒരു സീസണിൽ ആറര മില്യൺ യൂറോ താരത്തിന് പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചെൽസിക്കൊപ്പം ആറാമത്തെ സീസൺ കളിക്കുന്ന റുഡിഗർ തോമസ് ടുഷെലിനു കീഴിലാണ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ടുഷെൽ പരിശീലകനായി എത്തിയതിനു ശേഷം ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ പിൻനിരയിൽ ജർമൻ താരത്തിന്റെ സാന്നിധ്യവും നേതൃഗുണവും വളരെ നിർണായകമായിരുന്നു.

യുവന്റസ് പ്രതിരോധനിരയിലെ താരങ്ങളായ ബൊനുച്ചി, കില്ലിനി എന്നിവർ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് അടുത്തു എന്നതിനാൽ പുതിയൊരു ഡിഫെൻഡറെ സ്വന്തമാക്കേണ്ടത് യുവന്റസിന് ആവശ്യമാണ്. അടുത്ത സീസണിൽ റുഡിഗറും ഡി ലൈറ്റുമാകും ടീമിന്റെ പിൻനിരയിൽ ഇറങ്ങുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit