Football in Malayalam

ടോട്ടനം ഹോസ്‌പറിന്റെ ട്രാൻസ്‌ഫർ പോളിസിയെ തുറന്നു വിമർശിച്ച് പരിശീലകൻ അന്റോണിയോ കോണ്ടെ

Sreejith N
Southampton v Tottenham Hotspur - Premier League
Southampton v Tottenham Hotspur - Premier League / Robin Jones/GettyImages
facebooktwitterreddit

ജനുവരി ജാലകത്തിൽ ടോട്ടനം നടത്തിയ ട്രാൻസ്‌ഫറുകൾക്കു പിന്നാലെ ക്ലബിന്റെ ട്രാൻസ്‌ഫർ പോളിസിയെ വിമർശിച്ച് പരിശീലകൻ അന്റോണിയോ കോണ്ടെ. എൻഡോംബലെ, ലോ സെൽസോ, ബ്രയാൻ ഗിൽ, ജാക്ക് ക്ലാർക്ക് എന്നിവരെ ജനുവരിയിൽ ലോണിൽ വിട്ട ടോട്ടനത്തിൽ നിന്നും ദെലെ അലി എവർട്ടണിലേക്ക് സ്ഥിരം ട്രാൻസ്‌ഫറിൽ ചേക്കേറുകയും ചെയ്‌തിരുന്നു.

അതേസമയം യുവന്റസിൽ നിന്നും കുലുസേവ്സ്‌കി, റോഡ്രിഗോ ബെന്റാങ്കർ എന്നീ താരങ്ങളെ ജനുവരിയിൽ ടോട്ടനം ഹോസ്‌പർ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അഞ്ചു താരങ്ങളെ ജനുവരിയിൽ ക്ലബിൽ നിന്നും ഒഴിവാക്കിയ നടപടിയെയാണ് കോണ്ടെ ചോദ്യം ചെയ്യുന്നത്. ടോട്ടനം മുൻപ് നടത്തിയ ട്രാൻസ്‌ഫറുകളിൽ വന്ന പിഴവാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് കോണ്ടെ ചൂണ്ടിക്കാട്ടുന്നത്.

"ലോണിൽ വിട്ട താരങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ശരിയായ തീരുമാനം തന്നെയായിരുന്നു. എന്നാൽ ജനുവരിയിൽ നാലു താരങ്ങളെ ലോണിൽ വിടുകയും ഒരു ട്രാൻസ്‌ഫർ നടത്തുകയും ചെയ്യുന്നത് വിചിത്രമായ കാര്യം തന്നെയെന്നതിൽ സംശയമില്ല. മുൻപ് ചെയ്‌ത കാര്യങ്ങളിൽ എന്തോ പിഴവു സംഭവിച്ചു എന്നാണ് അതിൽ നിന്നും വ്യക്തമാകുന്നത്."

"ചിലപ്പോൾ മുൻപ് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. നമ്മൾ ടീമിനെ ശക്തിപ്പെടുത്താൻ താരങ്ങളെ വാങ്ങുകയും അവസാനത്തെ രണ്ടോ മൂന്നോ വർഷത്തിനിടയിൽ വാങ്ങിയ താരങ്ങളെ ഇത്തരത്തിൽ ഒഴിവാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മുൻപ് ചെയ്‌ത പല കാര്യങ്ങളും തെറ്റായിരുന്നു എന്നാണ് അതിന്റെ അർത്ഥം." മാധ്യമങ്ങളോട് സംസാരിക്കേ കോണ്ടെ പറഞ്ഞു.

ക്ലബ്ബിനെ സഹായിക്കാനാണ് ഞാൻ ഇവിടെ എത്തിയതെന്നും ടീമിന് മികച്ചൊരു ഘടന സൃഷ്‌ടിക്കേണ്ടത് തീർത്തും അനിവാര്യമായ കാര്യമാണെന്നും കോണ്ടെ പറഞ്ഞു. താൻ പോയാലും ടീമിന്റെ മികവ് തുടരണമെന്നും അതിനായി ഇതുപോലെ സംഭവിക്കുന്ന തെറ്റുകൾ ഭാവിയിൽ തിരുത്തണമെന്നും ഇറ്റാലിയൻ പരിശീലകൻ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit