ടോട്ടനം ഹോട്സ്‌പർ പരിശീലകസ്ഥാനത്തേക്ക് കോണ്ടേയെത്തും, പ്രീമിയർ ലീഗിലെ വമ്പൻ ടീമുകൾക്ക് ഭീഷണി

FC Internazionale  v AS Roma - Serie A
FC Internazionale v AS Roma - Serie A / Marco Luzzani/GettyImages
facebooktwitterreddit

മോശം ഫോമിനെത്തുടർന്ന് നുനോ എസ്‌പിരിറ്റോ സാന്റോയെ ടോട്ടനം ഹോട്സ്‌പർ പുറത്താക്കിയ ഒഴിവിലേക്ക് പകരക്കാരായി എത്തുക കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ ഇറ്റാലിയൻ ലീഗ് കിരീടത്തിലേക്ക് നയിച്ച അന്റോണിയോ കോണ്ടേയെന്നു റിപ്പോർട്ടുകൾ. ഇറ്റാലിയൻ പരിശീലകൻ ഉടനെ തന്നെ ലണ്ടനിൽ എത്തുമെന്നും പരിശീലകസ്ഥാനം ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിക്കുമെന്നും സ്കൈ ഇറ്റലി റിപ്പോർട്ടു ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽവി നേരിട്ടതോടെയാണ് നുനോ ടോട്ടനത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. മൗറിന്യോക്ക് പകരക്കാരനായി സ്‌പർസിന്റെ ചുമതല ഏറ്റെടുത്ത നുനോക്ക് കീഴിൽ പത്ത് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ അഞ്ചു തോൽവിയും അഞ്ചു ജയവുമാണ് ടീം സ്വന്തമാക്കിയത്.

കോണ്ടേയുടെ ടോട്ടനം ഹോട്സ്‌പറിലേക്കുള്ള വരവിനു ചുക്കാൻ പിടിക്കുന്നത് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ഫാബിയോ പാരാറ്റിസിയാണ്. മുൻപ് ഇറ്റാലിയൻ ക്ലബായ യുവന്റസിൽ രണ്ടുപേരും ഒരുമിച്ചു ജോലി ചെയ്‌തിരുന്നു. മൗറിന്യോയെ പുറത്താക്കിയപ്പോൾ പകരക്കാരനായി ടോട്ടനം കോണ്ടേയെ സമീപിച്ചിരുന്നു എങ്കിലും ചർച്ചകൾ വിജയം കണ്ടില്ല.

മികച്ച ട്രാക്ക് റെക്കോർഡുള്ള കോണ്ടേ പ്രീമിയർ ലീഗിലേക്ക് വീണ്ടുമെത്തുന്നത് നിലവിലെ വമ്പൻ ടീമുകൾക്കെല്ലാം കനത്ത ഭീഷണിയാണ്. 2016-17 സീസണിൽ ചെൽസിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്തുള്ള കൊണ്ടേ അതിനു ശേഷം ഇന്റർ മിലാനിലെത്തി അവർക്കു പതിനൊന്നു വർഷത്തിനു ശേഷം ലീഗ് കിരീടം സമ്മാനിച്ചിരുന്നു.

പ്രീമിയർ ലീഗിൽ തിരിച്ചുവരവിനു ശ്രമിക്കുന്ന ടോട്ടനം എത്രയും വേഗം കോണ്ടേയെ നിയമിക്കാൻ തന്നെയാവും ശ്രമിക്കുക. നിലവിൽ പത്തു മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ പതിനഞ്ചു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ടോട്ടനം. കോണ്ടെ എത്തിയാൽ സീസണിൽ ടോപ് ഫോർ തന്നെയാവും ടീമിന്റെ ലക്ഷ്യം.