തുടർച്ചയായ മൂന്നാം തോൽവി, ടോട്ടനത്തിന്റെ ടോപ് ഫോർ സാധ്യതകൾ തള്ളിക്കളഞ്ഞ് കോണ്ടെ


വോൾവ്സിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയ ടോട്ടനം ഹോസ്പർ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് പരിശീലകൻ അന്റോണിയോ കോണ്ടെ. മത്സരത്തിന്റെ ആദ്യ പകുതിയിൽ റൗൾ ജിമിനെസും ലിയാണ്ടർ ഡെൻഡ്രോക്കറും നേടിയ ഗോളുകളിലാണ് വോൾവ്സ് ടോട്ടനത്തെ തകർത്തത്.
ടോട്ടനം ഹോസ്പറിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ഒൻപതു മത്സരങ്ങളിൽ അപരാജിതരായി ടീം മുന്നോട്ടു കുതിച്ചെങ്കിലുംഅവസാനം പ്രീമിയർ ലീഗിൽ കളിച്ച മൂന്നു മത്സരങ്ങളിലും സ്പർസ് തോൽവി വഴങ്ങിയിട്ടുണ്ട്. മത്സരത്തിനു ശേഷം മനോഭാവത്തിൽ മാറ്റമുണ്ടായാൽ മാത്രമേ പ്രീമിയർ ലീഗ് ടോപ് ഫോർ സാധ്യത ടീമിനുണ്ടാകൂവെന്നാണ് കോണ്ടെ പറഞ്ഞത്.
Tottenham boss Antonio Conte says it is "impossible" for a team hoping to fight for the Champions League places to lose games the way Spurs have recently.
— BBC Sport (@BBCSport) February 13, 2022
Full story ?#BBCFootball
"രണ്ടു മത്സരങ്ങൾ തുടർച്ചയായി സ്വന്തം മൈതാനത്തും അതിനു മുൻപുള്ള മത്സരം ചെൽസിയോടും തോറ്റ, ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ഒരു ടീമിന് അതിനുള്ള സാധ്യത വളരെ കുറവാണ്." മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് കോണ്ടെ പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്തു.
"പ്രശ്നമെന്താണെന്നു വെച്ചാൽ നമുക്ക് വിജയം നേടാനുള്ള മനോഭാവം വാങ്ങാൻ കഴിയില്ല. അത് ഓരോ ദിവസവും നൽകുമ്പോൾ ചില കളിക്കാർ വളരെ തുറന്ന മനസോടെ നിന്ന് അതു വളരെ പെട്ടന്ന് മനസിലാക്കുകയും ചില കളിക്കാർക്ക് അതിനു സമയമെടുക്കുകയും ചെയ്യും. വിജയിക്കാനുള്ള മനോഭാവം എന്നു പറഞ്ഞാൽ കളിക്കുമ്പോൾ 'എനിക്കു ജീവിക്കാൻ ഞാൻ നിങ്ങളെ കൊല്ലുന്നു' എന്നതാണ്. ഓരോ ഡുവലിലും ഓരോ സെക്കൻഡ് ബോളിലും സെറ്റ് പീസിലും അതു വേണം." കോണ്ടെ വ്യക്തമാക്കി.
ഈ സീസണിൽ രണ്ടാം തവണയാണ് തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ടോട്ടനം തോൽവി വഴങ്ങുന്നത്. ഇതിനു മുൻപ് 2004-05 സീസണിലാണ് ഇതുപോലെ തുടർച്ചയായ തോൽവി ക്ലബ് നേരിട്ടതെന്നത് ടീമിന്റെ മോശം അവസ്ഥ വെളിപ്പെടുത്തുന്നു. തോൽവിയോടെ ടോട്ടനം പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്കു വീണിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.