ലുക്കാക്കുവിനെ എങ്ങിനെ ഉപയോഗിക്കണമെന്ന് ചെൽസിക്കറിയില്ലെന്ന് മുൻ പരിശീലകൻ കോണ്ടെ

Sreejith N
FBL-ITA-SERIEA-AC MILAN-INTER
FBL-ITA-SERIEA-AC MILAN-INTER / MARCO BERTORELLO/Getty Images
facebooktwitterreddit

റൊമേലു ലുക്കാക്കുവിനെ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യം ചെൽസിക്ക് ഇതുവരെയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചെൽസിയുടെയും ലുക്കാക്കു കഴിഞ്ഞ സീസണുകളിൽ കളിച്ച ക്ലബായ ഇന്റർ മിലാന്റെയും മുൻ പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടേ. സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുമ്പോഴായിരുന്നു കോണ്ടേയുടെ പ്രതികരണം.

ഇന്റർ മിലാനിൽ നിന്നും ചെൽസിയിലേക്ക് തിരിച്ചെത്തിയ ലുക്കാക്കു തന്റെ രണ്ടാം അരങ്ങേറ്റത്തിൽ തന്നെ ആഴ്‌സണലിനെതിരെ ഗോൾ നേടിയെങ്കിലും കഴിഞ്ഞ നാലു മത്സരങ്ങളിലും ലക്‌ഷ്യം കാണാൻ ബെൽജിയൻ താരത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസി യുവന്റസിനോട് ഒരു ഗോളിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് കോണ്ടെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്..

"എല്ലാറ്റിലുമുപരിയായി തന്റെ ടെക്‌നിക് കൊണ്ട് താരത്തിന് ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ തന്നെ വളരെ ഉയർന്ന നിലവാരം താരം കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്, എന്നാൽ ഒരു കളിക്കാരൻ താൻ റിട്ടയർ ചെയ്യുന്ന ദിവസം വരെ മെച്ചപ്പെട്ടു കൊണ്ടേയിരിക്കണം."

"മത്സരത്തിനിടയിൽ ലുക്കാക്കുവിനെ ഉണർത്തിയെടുക്കേണ്ട ചില നിമിഷങ്ങളുണ്ട്, അതിനപ്പുറത്തേക്ക് നോക്കുമ്പോൾ എതിരെ കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഫോർവേഡുകളിൽ ഒരാളാണ് അദ്ദേഹം. കാരണം മൈതാനത്തിന്റെ ഏതു മേഖലയിൽ നിന്നും എതിരാളികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ താരത്തിനു കഴിയും."

"അതുപോലെയൊരു സെന്റർ ഫോർവേഡിനെ ലഭിക്കുമ്പോൾ നമ്മളയാളെ ഉപയോഗിക്കണം. എന്നാൽ ചെൽസിക്ക് താരത്തെ എങ്ങിനെ ഉപയോഗിക്കണം എന്ന കാര്യം ഇതുവരെയും മനസിലായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്."

"അവസാന സീസണിൽ അവർക്ക് ഒരു യഥാർത്ഥ സെന്റർ ഫോർവേഡ് ഇല്ലായിരുന്നു. അതുകൊണ്ടവർ പൊസിഷനുകൾ റൊട്ടേറ്റ് ചെയ്‌തു. അതേസമയം ലുക്കാക്കു ആക്രമണത്തിലെ ഒരു യഥാർത്ഥ റെഫറൻസ് പോയിന്റാണ്. ലുക്കാക്കുവിനെ എങ്ങിനെ ഉപയോഗിക്കാം എന്നവർക്ക് അറിയാമെങ്കിൽ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ എല്ലാവര്ക്കും തോൽപ്പിക്കാനുള്ള ടീമായി ചെൽസി മാറും." കോണ്ടെ പറഞ്ഞു.

facebooktwitterreddit