മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ താൽപര്യം പ്രകടിപ്പിച്ച് അന്റോണിയോ കോണ്ടെ


ലിവർപൂളിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തു നിന്നും സോൾഷെയറിനെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നിരിക്കെ പകരം പരിശീലകനാവാൻ അന്റോണിയോ കോണ്ടേക്ക് താൽപര്യമുണ്ടെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ സീരി എ ജേതാക്കളാക്കിയ കോണ്ടെ നിലവിൽ ഒരു ക്ലബിന്റെയും സ്ഥാനം ഏറ്റെടുത്തിട്ടില്ല.
നിരവധി വർഷങ്ങൾക്കു ശേഷം ഇന്റർ മിലാനു സീരി എ കിരീടം സ്വന്തമാക്കി നൽകിയ പരിശീലകനാണെങ്കിലും സാമ്പത്തിക ബാധ്യതകൾ മൂലമാണ് കോണ്ടേയെ ഇറ്റാലിയൻ ക്ലബിനു നഷ്ടമായത്. അതിനു ശേഷം അദ്ദേഹം ജോസെ മൗറീന്യോക്ക് പകരക്കാരനാവാൻ ടോട്ടനം ഹോസ്പറുമായി ചർച്ചകൾ നടത്തി എങ്കിലും അതൊന്നും വിജയം കണ്ടില്ല.
Antonio Conte open to taking the United manager's role but has reservations over club's structure #mufc https://t.co/6zJG5mEnhj
— Samuel Luckhurst (@samuelluckhurst) October 25, 2021
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവുന്നതിനെക്കുറിച്ച് കോണ്ടെ ചിന്തിച്ചിരുന്നില്ലെങ്കിലും സോൾഷെയറിന്റെ സ്ഥാനത്തിനു കൂടുതൽ ഇളക്കം തട്ടിയതോടെയാണ് അദ്ദേഹം അതേക്കുറിച്ചു പരിഗണിച്ചു തുടങ്ങിയത്. എന്നാൽ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കണമെങ്കിൽ വിപണന സാധ്യതയുള്ള താരങ്ങളെ തന്റെ മേൽ അടിച്ചേൽപ്പിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ മാറ്റം വരുത്തണമെന്ന നിലപാട് കോണ്ടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വ്യക്തമാക്കുന്നു.
അവസാനം പരിശീലിപ്പിച്ച രണ്ടു ക്ലബുകൾക്കൊപ്പവും ലീഗ് കിരീടങ്ങൾ നേടാൻ കഴിഞ്ഞ പരിശീലകനായ കൊണ്ടേക്കു പക്ഷെ ടീമുകൾക്കൊപ്പം വളരെ ചെറിയ കാലം മാത്രമേ ഉണ്ടായിട്ടുള്ളൂ. അവസാനം പരിശീലിപ്പിച്ച ഇന്റർ മിലാൻ, ചെൽസി, ഇറ്റലി എന്നീ ടീമുകളിലെല്ലാം അദ്ദേഹം ഉണ്ടായിരുന്നത് രണ്ടു വർഷം മാത്രമാണ്.
അതേസമയം കോണ്ടെ ടീമിലെത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ പലരും അതിനെതിരെ തിരിയുമെന്ന കാര്യം ഉറപ്പാണ്. വേഗത്തിലും ഒഴുക്കുള്ളതുമായ ക്ലബിന്റെ തനതു ശൈലിക്കു പകരം വളരെ പ്രായോഗികപരവും തന്ത്രപരവുമായ ശൈലി അവലംബിക്കുന്നതിനു മുൻകൈയ്യെടുക്കുന്ന പരിശീലകനായ അദ്ദേഹം പെട്ടന്ന് സ്വീകരിക്കപ്പെടാൻ സാധ്യത കുറവാണ്..