Football in Malayalam

പെപ് ഗ്വാർഡിയോള ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന് അന്റോണിയോ കോണ്ടെ

Sreejith N
FBL-ENG-PR-MAN CITY-CHELSEA
FBL-ENG-PR-MAN CITY-CHELSEA / OLI SCARFF/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോസ്‌പറും തമ്മിലുള്ള പ്രീമിയർ ലീഗ് പോരാട്ടം ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയെ പ്രശംസിച്ച് ടോട്ടനം ഹോസ്‌പർ മാനേജർ അന്റോണിയോ കോണ്ടെ. ഗ്വാർഡിയോള ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണെന്നും ജോലി ചെയ്‌ത ടീമുകൾക്കൊപ്പം അദ്ദേഹത്തിന് അതു തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കോണ്ടെ പറഞ്ഞു.

"നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെക്കുറിച്ചാണ് പറയുന്നത്. പല ടീമുകൾക്കൊപ്പം പല സാഹചര്യങ്ങളിൽ അദ്ദേഹം അതു കാണിച്ചിട്ടുണ്ട്. ക്ലബ് പിന്തുണക്കുകയാണെങ്കിൽ പ്രധാനപ്പെട്ട കാര്യങ്ങൾ കെട്ടിപ്പടുക്കുന്നത് നല്ല കാര്യമാണെന്നു ചിന്തിക്കുന്ന അദ്ദേഹത്തിൽ ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി എന്നിവർ നിക്ഷേപം നടത്തിയതിനു ഗ്വാർഡിയോള തിരിച്ചു നൽകിയിട്ടുമുണ്ട്."

"പെപ് ഗ്വാർഡിയോളയുടെ ഒരു ടീമിനെ കാണുകയെന്നാൽ ഫുട്ബോളിനെക്കുറിച്ചുള്ള ആശയത്തെക്കൂടി നിങ്ങൾക്ക് കാണാൻ കഴിയും, ടീമിൽ ഒരുപാട് ജോലികൾ ഉണ്ടെന്നും അതെല്ലാം അദ്ദേഹത്തിന്റെ ആശയമാണെന്നും നിങ്ങൾ മനസിലാക്കുന്നു. ഇക്കാരണത്താൽ നിലവിൽ എനിക്ക് അദ്ദേഹമാണ് ലോകത്തിലെ മികച്ച പരിശീലകൻ."

"എന്റെ അഭിപ്രായത്തിൽ ഈ സീസണിൽ ലീഗ് വിജയിക്കാൻ സാധ്യതയുള്ള ടീമും ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നുമാണ് മാഞ്ചസ്റ്റർ സിറ്റി.കാരണം നമ്മൾ എല്ലാ മേഖലയിലും കരുത്തരായ ഒരു ടീമിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഈ ടീമിന് എന്തെങ്കിലും ബലഹീനതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല." കോണ്ടെ മാധ്യമങ്ങളോട് വ്യക്തമാക്കി.

ടോപ് ഫോറിനായി പൊരുതുന്ന ടോട്ടനം ഹോസ്‌പറിന് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന മത്സരം വളരെ കടുപ്പം നിറഞ്ഞതായിരിക്കുമെന്നും കോണ്ടെ പറഞ്ഞു. മത്സരത്തിൽ വിജയം നേടാൻ ശ്രമിക്കുമെന്നും അതിനൊപ്പം ടീമിനെ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ഒരു ചുവടുവെപ്പു കൂടിയായാണ് ഈ മത്സരത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit