ടോട്ടനത്തെ മെച്ചപ്പെടുത്താൻ കഴിയുമെന്നു തോന്നുന്നില്ലെന്ന് കോണ്ടെ, ക്ലബ് വിടാൻ സന്നദ്ധതയറിയിച്ച് ഇറ്റാലിയൻ പരിശീലകൻ


ബേൺലിക്കെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോസ്പർ തോൽവി വഴങ്ങിയതോടെ ക്ലബിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട് അന്റോണിയോ കോണ്ടെ. ഈ ടീമിനെ മെച്ചപ്പെടുത്താൻ കഴിയുമെന്നു തോന്നുന്നില്ലെന്നു പറഞ്ഞ അദ്ദേഹം ക്ലബ് വിടണമെങ്കിൽ അതിനും സന്നദ്ധനാണെന്ന സൂചനകളും നൽകി. കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിൽ ടോട്ടനത്തിന്റെ നാലാമത്തെ തോൽവിയായിരുന്നു ഇന്നലത്തേത്.
"കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും ടീം തോറ്റു. അതാണ് യാഥാർഥ്യം. പ്രകടനമല്ല, കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും ഞങ്ങൾ തോറ്റു. ആരും ഈ സാഹചര്യം അർഹിക്കുന്നില്ല. പക്ഷെ അതാണ് യാഥാർഥ്യം." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കോണ്ടെ പറഞ്ഞു.
Frustrated Antonio Conte suggests he could QUIT as Tottenham manager after fourth defeat in five matches at Burnley
— MailOnline Sport (@MailSport) February 23, 2022
https://t.co/hU9JEavRfH
"സാഹചര്യങ്ങളെ മെച്ചപ്പെടുത്താനാണ് ഞാൻ ഇവിടെയെത്തിയത്. പക്ഷെ ഈ നിമിഷത്തിൽ, എനിക്കറിയില്ല, അതു മെച്ചപ്പെടുത്താൻ മാത്രം ഞാൻ മികച്ചതല്ല. ഇതു വളരെ നിരാശയുണ്ടാക്കുന്ന ഒന്നാണ്. വളരെയധികം കഠിനാധ്വാനം ചെയ്യുക, ഈ താരങ്ങളിൽ നിന്നും ഏറ്റവും മികച്ചത് ലഭിക്കാൻ കൂടുതൽ പ്രവർത്തിക്കുക. കണ്ണടക്കാൻ എനിക്കു കഴിയില്ല."
"ശനിയാഴ്ച ഞങ്ങൾ മറ്റൊരു മത്സരമാണ് കളിച്ചത്. സാഹചര്യം നോക്കിക്കാണാനും അതിനെ വിലയിരുത്താനുമുള്ള സമയം ഇതാണ്. വളരെ നിരാശയുണ്ട്, ഇത്തരം സാഹചര്യങ്ങൾ എനിക്കു പുതിയതാണ്. ഞാൻ വേണ്ടതെല്ലാം ചെയ്യാൻ ശ്രമിക്കുമ്പോഴും ഈ സാഹചര്യത്തിൽ മാത്രം മാറ്റം വരുന്നില്ല."
"അവസാനത്തെ അഞ്ചു മത്സരങ്ങളിൽ ഞങ്ങൾ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടവരെപ്പോലെയാണ് കളിച്ചത്. യാഥാർഥ്യം അതു മാത്രമാണ്. ചിലപ്പോൾ എന്തെങ്കിലും പിഴവുണ്ടായിരിക്കും. അതിന്റെ ഉത്തരവാദിത്വം എനിക്കായിരിക്കും. അങ്ങിനെയുണ്ട് എങ്കിൽ ഞാൻ ഏതു തീരുമാനത്തിനു തയ്യാറാണ്. വന്ന ആദ്യത്തെ ദിവസം മുതൽ ഞാൻ ടോട്ടനത്തെ സഹായിക്കാനാണ് ശ്രമിക്കുന്നത്." കോണ്ടെ വ്യക്തമാക്കി.
നുനോ എസ്പിരിറ്റോ സാന്റോക്ക് പകരക്കാരനായി കോണ്ടെ എത്തിയതിനു ശേഷം കളിച്ച ആദ്യത്തെ ഒൻപതു മത്സരങ്ങളിൽ ആറു ജയവും മൂന്നു സമനിലയും വഴങ്ങിയതിനു ശേഷമാണ് ടീം പിന്നീട് പുറകോട്ടു പോയത്. നിലവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ടോട്ടനം നിൽക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.