Football in Malayalam

അന്റോണിയോ കോണ്ടയെ പരിശീലകനായി നിയമിക്കാൻ ശ്രമം നടത്തി നെതർലാൻഡ്‌സ്, നിരസിച്ച് ഇറ്റാലിയൻ പരിശീലകൻ

Sreejith N
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

യൂറോ കപ്പ് ടൂർണമെന്റിനു ശേഷം ഹോളണ്ട് ടീമിന്റെ പരിശീലകനാവാനുള്ള ഓഫർ അന്റോണിയോ കൊണ്ടേ നിരസിച്ചുവെന്ന് റിപ്പോർട്ടുകൾ. ദേശീയ ടീമിനെക്കാൾ ഏതെങ്കിലും യൂറോപ്യൻ ക്ലബിന്റെ ഓഫർ തിരഞ്ഞെടുക്കാനാണ് താൻ കാത്തിരിക്കുന്നതെന്ന് കൊണ്ടേ ഹോളണ്ടിന്റെ വാഗ്‌ദാനത്തോട് പ്രതികരിച്ചുവെന്നാണ് മാധ്യമപ്രവർത്തകനായ മൗറീസിയോ പിസ്റ്റോച്ചി റിപ്പോർട്ടു ചെയ്യുന്നത്.

യൂറോ കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഹോളണ്ട് മികച്ച പ്രകടനം പുറത്തെടുക്കുകയും ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്‌തിരുന്നു. എന്നാൽ പ്രീ ക്വാർട്ടറിൽ താരതമ്യേനെ ദുർബലരായി കരുതപ്പെട്ടിരുന്ന ചെക്ക് റിപ്പബ്ലിക്കിനോട് എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങി ടീം പുറത്തായാതോടെ ഫാങ്ക് ഡി ബോറിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

അതേസമയം 2014 മുതൽ 2016 യൂറോ കപ്പ് അവസാനിക്കുന്നതു വരെ ഇറ്റലിയുടെ പരിശീലകനായിരുന്ന കൊണ്ടേ കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ വർഷങ്ങൾക്കു ശേഷം സീരി എ ജേതാക്കളാക്കി തന്റെ പരിശീലനമികവ് തെളിയിച്ചുവെങ്കിലും ട്രാൻസ്‌ഫർ സംബന്ധമായ കാര്യങ്ങളിൽ ക്ലബുമായി അഭിപ്രായ വ്യത്യാസങ്ങൾ വന്നതിനാൽ പരസ്പര ധാരണയോടെ സീസണു ശേഷം കരാർ അവസാനിക്കുകയായിരുന്നു.

നിലവിൽ ഫ്രീ ഏജന്റായ കൊണ്ടേക്കു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു എങ്കിലും താരത്തിന്റെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ അതെല്ലാം പരാജയപ്പെട്ടു. അതിനിടയിലാണ് നെതർലാൻഡ്‌സിന്റെ ഓഫറും വന്നതെങ്കിലും ക്ലബ്ബിനെ പരിശീലിപ്പിക്കാനുള്ള താൽപര്യം പറഞ്ഞ് ഇറ്റാലിയൻ പരിശീലകൻ അതു വേണ്ടെന്നു വെക്കുകയായിരുന്നു.

സമീപകാലത്ത് പരിശീലകനായിരുന്ന ക്ലബുകളെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ കോണ്ടെക്ക് കഴിഞ്ഞിട്ടുണ്ട്. ചെൽസി പത്താം സ്ഥാനത്തുണ്ടായിരുന്ന സമയത്ത് ക്ലബ്ബിനെ ഏറ്റെടുത്ത കൊണ്ടേ അടുത്ത സീസണിൽ തന്നെ ടീമിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചു. അതു പോലെ ടോപ് ഫോറിലെത്താൻ കഷ്ടപ്പെട്ടിരുന്ന ഇന്റർ മിലാനെ ചുമതല ഏറ്റെടുത്തതിന്റെ രണ്ടാം സീസണിൽ തന്നെ സീരി എ ജേതാക്കളാക്കാനും കോണ്ടെക്ക് കഴിഞ്ഞിട്ടുണ്ട്.

facebooktwitterreddit