ചെൽസിയോടുള്ള തോൽ‌വിക്കു പിന്നാലെ പുതിയ താരങ്ങളെ ടീമിലെത്തിക്കേണ്ടത് അനിവാര്യമാണെന്നു പ്രതികരിച്ച് കോണ്ടെ

Southampton v Tottenham Hotspur - Premier League
Southampton v Tottenham Hotspur - Premier League / Visionhaus/GettyImages
facebooktwitterreddit

കറബാവോ കപ്പ് മത്സരത്തിൽ ചെൽസിയോടേറ്റ തോൽവി ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനോടുള്ള തോൽവിയാണെന്ന് ടോട്ടനം പരിശീലകൻ അന്റോണിയോ കോണ്ടെ. കെയ് ഹാവേർട്സിന്റെയും ബെൻ ഡേവീസിന്റെ സെൽഫ് ഗോളിന്റെയും പിൻബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. നിലവിലെ ടോട്ടനം ഹോസ്‌പർ അത്രയും കരുത്തരല്ലെന്നു സമ്മതിച്ച കോണ്ടെ മികച്ച ടീമായി മാറാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വ്യക്തമാക്കി.

"വളരെ കടുപ്പമേറിയ മത്സരമായിരുന്നു ഇത്, തുടക്കം മുതൽ തന്നെ ബുദ്ധിമുട്ടായിരുന്നു. ചെൽസി ഞങ്ങളെക്കാൾ എത്രയോ മികച്ചതാണെന്ന് കാണിച്ചു തന്നു. ആദ്യപകുതി ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നെങ്കിലും എതിരാളികൾ യൂറോപ്പിലെയും ലോകത്തേയും മികച്ച ടീമാണെന്ന് അറിയാമായിരുന്നു. ഈ രണ്ടു ടീമുകളെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല." മത്സരത്തിന് ശേഷം സ്കൈ സ്പോർട്സിനോട് കോണ്ടെ പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്‌തു.

ചെൽസി വിജയം നേടാൻ വേണ്ടി തയ്യാറാക്കപ്പെട്ടു നിൽക്കുന്ന ടീമാണെന്നും അവരുടെ മൈതാനത്തു വെച്ചാണു മത്സരമെന്നത് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിലാക്കിയെന്നും ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു. രണ്ടു ടീമുകളും തമ്മിൽ വലിയൊരു വ്യത്യാസം തന്നെയുണ്ടെന്നും അതിനെ മറികടന്ന് ലീഗിൽ മികച്ച പൊസിഷനിൽ എത്താൻ വേണ്ടിയാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിച്ച് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നാണ് കോണ്ടെ പറയുന്നത്. ജനുവരിയിൽ വേണ്ട താരങ്ങളെ വാങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അത് മനസിലാക്കിയേ മുന്നോട്ടു പോകാനാകൂവെന്നും പറഞ്ഞ കോണ്ടെ അവസരങ്ങൾ ലഭിച്ചാൽ അത് ക്ലബ് മുതലെടുക്കുമെന്നും വ്യക്തമാക്കി.

"ഈ ട്രാൻസ്‌ഫർ ജാലകം ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം ആകുമെന്നു ഞാൻ കരുതുന്നില്ല.സ്‌ക്വാഡിന്റെ എല്ലാ മേഖലകളിലും മെച്ചപ്പെടുകയെന്നതാണ് ഇതിനുള്ള പരിഹാരം. എന്നാൽ അതിനു ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഞാൻ ആവർത്തിക്കുന്നു. ഒന്നോ രണ്ടോ കളിക്കാരെ വാങ്ങി ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെങ്കിൽ അത് തെറ്റാണ്." കോണ്ടെ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.