Football in Malayalam

എങ്ങിനെ കളിക്കണമെന്നു പോച്ചട്ടിനോ താരങ്ങളോടാണു ചോദിക്കുന്നത്, പിഎസ്‌ജിയിൽ അദ്ദേഹം അധികകാലമുണ്ടാകില്ലെന്ന് കസാനോ

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / Xavier Laine/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിന്റെ പകുതിയിൽ നിന്നും പിഎസ്‌ജിയുടെ ചുമതല ഏറ്റെടുത്ത മൗറീസിയോ പോച്ചട്ടിനോക്ക് വലിയ താരനിര ഉണ്ടായിട്ടും ചാമ്പ്യൻസ് ലീഗോ ഫ്രഞ്ച് ലീഗോ നേടിയെടുക്കാൻ കഴിഞ്ഞില്ലായിരുന്നു. ഈ സീസണിൽ ലയണൽ മെസിയടക്കമുള്ള താരങ്ങൾ ഉൾപ്പെടുന്ന അതിനേക്കാൾ മികച്ചൊരു സ്‌ക്വാഡ് ലഭിച്ചിട്ടും ഇതുവരെയും സ്ഥിരതയാർന്ന പ്രകടനം ടീമിനെക്കൊണ്ട് നടത്തിക്കാനും അർജന്റീനിയൻ പരിശീലകനു സാധിച്ചിട്ടില്ല.

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങൾ സ്വന്തമായി ഉണ്ടായിട്ടും സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന പോച്ചട്ടിനോ അധികകാലം പിഎസ്‌ജി പരിശീലകനായി തുടരില്ലെന്നാണ് മുൻ ഇറ്റാലിയൻ താരമായ അന്റോണിയോ കസാനോ പറയുന്നത്. പോച്ചട്ടിനോയെക്കുറിച്ച് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് താൻ കേൾക്കുന്നതെന്നും കസാനോ പറഞ്ഞു.

"പോച്ചട്ടിനോക്ക് വളരെ ചെറിയൊരു കാലഘട്ടമേ പിഎസ്‌ജിയിൽ ഉണ്ടാവുകയുള്ളൂ. വളരെ മോശം കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തെ കുറിച്ചു കേൾക്കുന്നത്. നല്ലൊരു വ്യക്തിയാണ് പോച്ചട്ടിനോ, എന്നാൽ പരിശീലകനെന്ന നിലയിൽ ഒരു മിനുട്ടു പോലും അദ്ദേഹം തന്റെ തന്ത്രങ്ങൾ നടപ്പാക്കിയിട്ടില്ല, ടീമും അതാവശ്യപ്പെടുന്നു. എങ്ങിനെ കളിക്കണമെന്നതിൽ അദ്ദേഹം താരങ്ങളോടാണ് നിർദ്ദേശം ചോദിക്കുന്നത്, അതെനിക്കു വിശ്വസിക്കാനാവുന്നില്ല," ബോബോ ടിവിയോട് കസാനോ പറഞ്ഞു.

ഇതേ സ്ഥിതി തുടർന്നാൽ പിഎസ്‌ജി പരിശീലകനായി സിദാൻ എത്താനുള്ള സാധ്യതയുണ്ടെന്നും കസാനോ സൂചിപ്പിച്ചു. "പോച്ചട്ടിനോ ചാമ്പ്യന്മാരെ പരിശീലിപ്പിച്ചിട്ടില്ല എന്നതു കൊണ്ടു തന്നെ വമ്പൻ താരങ്ങളെ പരിശീലിപ്പിക്കുന്നതിൽ അദ്ദേഹത്തിനു കുഴപ്പങ്ങളുണ്ട്. ഞാൻ മനസിലാക്കിയിടത്തോളം, ഇതേപോലെ തന്നെ അദ്ദേഹം തുടരുകയാണെങ്കിൽ വളരെ കുറഞ്ഞ സമയമേ ഇവിടെയുണ്ടാകൂ. സിദാനെ സൂക്ഷിക്കുക," കസാനോ വെളിപ്പെടുത്തി.

ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എങ്കിലും അതിനു പിന്നാലെ ഫ്രഞ്ച് ലീഗിൽ റെന്നസിനോട് തോൽവി വഴങ്ങിയതാണു പോച്ചട്ടിനോക്ക് തിരിച്ചടിയായത്. എങ്കിലും ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെൻസിനേക്കാൾ ആറു പോയിന്റ് മുന്നിലാണ് പിഎസ്‌ജി.


facebooktwitterreddit