ലയണൽ മെസി തന്നെ ബാലൺ ഡി ഓർ നേടണമെന്ന് ജോർജിന്യോ പറഞ്ഞതായി മുൻ ഇറ്റാലിയൻ താരം കസാനോ


ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ലയണൽ മെസി തന്നെയാണ് അർഹിക്കുന്നതെന്നും അതു തനിക്ക് ലഭിക്കുന്നത് അപവാദമാണെന്നും ജോർജിന്യോ തന്നെ പറഞ്ഞുവെന്നു വെളിപ്പെടുത്തി ഇറ്റലിയുടെ മുൻ താരമായ അന്റോണിയോ കസാനോ. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത് മെസിക്കും ജോർജിന്യോക്കും ആണെന്നിരിക്കെയാണ് കസാനോ ഇക്കാര്യം പറഞ്ഞത്.
"ജോർജിന്യോക്ക് ബാലൺ ഡി ഓർ പുരസ്കാരത്തിനു വേണ്ടി വോട്ടു ചെയ്ത ഏതു മാധ്യമപ്രവർത്തകന്റെയും ലൈസൻസ് എടുത്തു കളയണമെന്നു ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ?" തന്റെ ട്വിച്ച് ചാനലിൽ ക്രിസ്റ്റ്യൻ വിയെരിയുമായി സംസാരിക്കുമ്പോൾ കസാനോ ചോദിച്ചു.
"ഞാൻ കുടുംബത്തോടൊപ്പം ഫോർമെന്റയിലായിരുന്നപ്പോൾ എന്റെ അരികിലൊരാൾ വരുകയും നിങ്ങൾ വലിയവനാണ് അന്റോണിയോ എന്ന് പറയുകയും ചെയ്തു. അതാരാണ് എന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവർ കണ്ണടയും മാസ്കും അഴിച്ചു, അത് ജോർജിന്യോ ആയിരുന്നു."
"ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ജോർജി, ലയണൽ മെസിക്ക് നൽകാതെ നിങ്ങൾക്ക് ബാലൺ ഡി ഓർ നൽകുന്ന അപകീർത്തിയിൽ വിശ്വസിക്കുന്നുണ്ടോയെന്ന്. എന്റെ വാക്കുകൾ ശരി വെക്കുന്നതായിരുന്നു താരത്തിന്റെ മറുപടി, മെസി എല്ലായിപ്പോഴും അത് വിജയിക്കണമെന്ന്."'
"ഇപ്പോൾ ഞാൻ ജോർജിന്യോയെ കൂടുതൽ അഭിനന്ദിക്കുന്നു. ഞങ്ങൾ ഒന്നര മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം വളരെ അസാധാരണ വ്യക്തിത്വമാണ്. ബുദ്ധിമാനും വിനീതനും മര്യാദക്കാരനുമാണ്." കസാനോ പറഞ്ഞു.
എന്നാൽ കഴിഞ്ഞ മാസം നടത്തിയ പ്രതികരണത്തിൽ താൻ ബാലൺ ഡി ഓർ അർഹിക്കുന്നുണ്ട് എന്നതിന്റെ നേരിയ സൂചനകൾ ജോർജിന്യോ നൽകിയിരുന്നു. കഴിവിനെ കണക്കാക്കുമ്പോൾ താൻ ലോകത്തിലെ ഏറ്റവും മികച്ച താരമല്ലെങ്കിലും കിരീടങ്ങളാണ് കണക്കിലെടുക്കുന്നത് എങ്കിൽ തന്നെക്കാൾ കൂടുതൽ ആരും നേടിയിട്ടില്ലെന്നാണ് ജോർജിന്യോ പറഞ്ഞത്.