Football in Malayalam

റൊണാൾഡോയെ വിട്ടു നൽകുക ബുദ്ധിമുട്ടേറിയ തീരുമാനം, പകരക്കാരനായി ബാഴ്‌സലോണ താരത്തെ എത്തിക്കണമെന്ന് യുവന്റസ് ഇതിഹാസം

Sreejith N
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Emilio Andreoli/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫറിൽ കൃത്യമായ ഒരു തീരുമാനം എടുക്കുക യുവന്റസിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാൽ ക്ലബ് വിടാൻ താരം ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അതിനു അനുവദിക്കുകയാണ് നല്ലതെന്നും വെളിപ്പെടുത്തി യുവന്റസിന്റെ ഇതിഹാസതാരമായ അന്റോണിയോ കബ്രിനി. റൊണാൾഡോക്ക് പകരക്കാരനായി ബാഴ്‌സലോണ താരം അന്റോയിൻ ഗ്രീസ്‌മനെ എത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

റൊണാൾഡോ യുവന്റസ് വിടില്ലെന്ന് ക്ലബ് നേതൃത്വം നിരവധി തവണ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു എങ്കിലും താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിന്റെ അരികിലാണ് ഇപ്പോഴുള്ളത്. റൊണാൾഡോയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയെങ്കിലും യുവന്റസാണ് ഇനിയതിൽ നിർണായകമായ തീരുമാനം എടുക്കേണ്ടത്. അതേസമയം റൊണാൾഡോയെ നിർബന്ധിച്ച് ടീമിനൊപ്പം നിലനിർത്തുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് മുൻ ഇറ്റാലിയൻ താരത്തിനുള്ളത്.

"റൊണാൾഡോക്ക് യുവന്റസ് വിടാനാണ് ആഗ്രഹമെങ്കിൽ താരത്തെ നിലനിർത്തുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. എല്ലാറ്റിലുമുപരിയായി ക്ലബിനോട് അദ്ദേഹം വ്യക്തമായ സമീപനം വെച്ചു പുലർത്തുന്നുണ്ട്. 'എനിക്കു ക്ലബ് വിടണം' എന്നാണു താരം പറയുന്നത് എന്നതു കൊണ്ടു തന്നെ ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്." ലാ ഗസറ്റ ഡെല്ല സ്പോർട്ടിനോട് 1982ൽ ലോകകിരീടം ഇറ്റലിക്കൊപ്പം നേടിയ കബ്രിനി പറഞ്ഞു.

"ഒരു തീരുമാനമെടുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു വശത്തു നിന്ന് ചിന്തിക്കുമ്പോൾ നൂറിലധികം ഗോളുകൾ നേടിയ ഒരു താരത്തെ വിൽക്കുന്നതിനെക്കുറിച്ച് ഞാൻ രണ്ടു തവണ ചിന്തിക്കും. താരത്തിന്റെ പ്രായവും സാമ്പത്തിക സംബന്ധമായ കാര്യങ്ങളും നോക്കി മറ്റൊരു വശത്തു നിന്നും ചിന്തിക്കുമ്പോൾ അദ്ദേഹത്തിന് ക്ലബ് വിടാം. എന്നാലത് എളുപ്പമല്ല."

റൊണാൾഡോക്ക് പകരക്കാരനായി ആരെയാണ് യുവന്റസ് ടീമിലേക്ക് എത്തിക്കേണ്ടത് എന്നതിനെക്കുറിച്ചും കബ്രിനി പറഞ്ഞു. "ഇകാർഡിയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലേ. താരത്തെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേറിയ സീസണാണ്. എന്നാൽ രക്തത്തിൽ ഗോളുകളുള്ള താരമാണ് അദ്ദേഹം. അദ്ദേഹം ഫ്രഞ്ച് ലീഗിലും പിഎസ്‌ജിയിലും ഉറച്ചിട്ടില്ലെന്നാണ് കരുതുന്നത്."

"എന്തൊക്കെയായാലും എനിക്കു താൽപര്യം ഗ്രീസ്‌മനിലാണ്. താരത്തിന്റെ പ്രതിഫലം വളരെ കൂടുതലാണ്, എന്നാൽ അതു റൊണാൾഡോയെക്കാൾ കൂടുതലല്ല. വളരെ മികച്ച കഴിവുകളുള്ള താരത്തിന് യുവന്റസിനൊപ്പം മികവു കാണിക്കാൻ കഴിയും. അദ്ദേഹത്തിന്റെ പ്രതിഭ ഇറ്റലിയിൽ വ്യത്യസ്‌തത സൃഷ്ടിക്കും," കബ്രിനി വ്യക്തമാക്കി.


facebooktwitterreddit