Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഉറ്റുനോക്കി ബാഴ്സലോണ;ഗ്രീസ്മാൻ സാഗയിൽ ഇത് നിർണായകമാകുമെന്ന് ക്ലബ്ബ് വിശ്വസിക്കുന്നു

Gokul Manthara
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

ഇറ്റാലിയൻ ക്ലബ്ബായ യുവന്റസുമായി ഒരു വർഷ കരാർ കൂടി ബാക്കിയുള്ള പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. താരം ക്ലബ്ബ് വിടുമെന്നും ഇല്ലെന്നുമുള്ള വാർത്തകൾ മാറിമറിഞ്ഞ് വന്നു കൊണ്ടിരിക്കുന്നതിനിടെ ഇപ്പോളിതാ താരത്തിന്റെ ഭാവി കാര്യം സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയും നിരീക്ഷിക്കുന്നുണ്ടെന്ന് സൂചനകൾ പുറത്ത് വന്നിരിക്കുന്നു.

റൊണാൾഡോ ഇക്കുറി യുവന്റസ് വിടുകയാണെങ്കിൽ അദ്ദഹത്തിന് പകരം അന്റോയിൻ ഗ്രീസ്മാനെ ലോണിൽ ടീമിലെത്തിക്കാൻ യുവന്റസ് മുന്നോട്ട് വരാനുള്ള സാധ്യതയുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ഭാവി ബാഴ്സലോണ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതിന് കാരണം. യുവന്റസിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അന്റോയിൻ ഗ്രീസ്മാൻ സാഗയിൽ നിർണായകമാകുമെന്ന് വിശ്വസിക്കുന്ന എഫ് സി ബാഴ്സലോണ വൃത്തങ്ങൾ റോണോ ഇറ്റാലിയൻ ക്ലബ്ബ് വിടുകയാണെങ്കിൽ ഗ്രീസ്മാനെ ലോണിൽ ടീമിലെത്തിക്കാൻ ടൂറിൻ ക്ലബ്ബ് മുന്നോട്ട് വരുമെന്നുള്ള പ്രതീക്ഷയിലാണ്. പ്രശസ്ത സ്പാനിഷ് മാധ്യമമായ‌ സ്പോർടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബാഴ്സലോണ, ക്ലബ്ബിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ അന്റോയിൻ‌ ഗ്രീസ്മാനെ ഈ ‌സീസണിൽ ലോണിൽ കളിക്കാൻ അയക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്നാണ് സൂചനകൾ. ഇതിലൂടെ ഗ്രീസ്മാനുമായുള്ള കരാർ കാലാവധിയിലെ ഒരു വർഷം കൂടി പൂർത്തിയാക്കാനും, ക്ലബ്ബുകളെല്ലാം കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലായിരിക്കുന്ന അടുത്ത വേനൽക്കാലത്ത് മികച്ചൊരു ഇടപാടിൽ അദ്ദേഹത്തെ വിൽക്കാനും തങ്ങൾക്ക് കഴിഞ്ഞേക്കുമെന്ന് ബാഴ്സലോണ അധികൃതർ കരുതുന്നു. ഇക്കുറി ലോണിൽ അയക്കുന്ന ഗ്രീസ്മാൻ, ലോൺ കാലാവധിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കിൽ അടുത്ത ‌സമ്മറിൽ താരത്തിന്റെ ഡിമാൻഡ് ഉയർന്നേക്കുമെന്നും ബാഴ്സലോണ കരുതുന്നുണ്ട്.

അതേ സമയം നേരത്തെ 2019 ൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണയിലെത്തിയത്. എന്നാൽ അത്ലറ്റിക്കോക്കൊപ്പം പുറത്തെടുത്ത ഫോം ബാഴ്സലോണ ജേഴ്സിയിൽ ആവർത്തിക്കാൻ ഫ്രഞ്ച് താരത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. കറ്റാലൻ ക്ലബ്ബിനായി ഇതു വരെ 99 മത്സരങ്ങളിൽ കളിച്ച ഗ്രീസ്മാൻ 35 ഗോളുകളും 17 അസിസ്റ്റുകളുമാണ് അവർക്കൊപ്പം നേടിയിട്ടുള്ളത്.

facebooktwitterreddit